തിരുവനന്തപുരം : ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അല്പം മുമ്പ് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയതോടെ പ്രതീക്ഷിക്കുന്നത് 10 കോടി അധികവരുമാനം. ഇലക്ട്രിക് വാഹനങ്ങള്‍ക്കു നികുതി കൂട്ടാനുള്ള തീരുമാനത്തോടെ ഇത്തരം വാഹനങ്ങള്‍ക്കും വില വര്‍ധിക്കും.
കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കുകയും ഇതിലൂടെ 15 കോടി രൂപ അധിക വരുമാനമായി ലഭിക്കുമെന്നുമാണ് കണക്കുകൂട്ടല്‍.15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. 150 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിച്ച് കോടതി ഫീസ് വര്‍ധിപ്പിച്ചു.
മോട്ടോര്‍വാഹന നിരക്ക് വര്‍ധിപ്പിക്കുകയും മോട്ടോര്‍വാഹന ഫീസുകള്‍ ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ 15 കോടിയുടെ അധികവരുമാനം ഉണ്ടാകുമെന്ന് ധനമന്ത്രി.15 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 8 ശതമാനമാണ് നികുതി വരുന്നത്. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്കു 10 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതിയായി ഈടാക്കിയിരുന്ന 5 ശതമാനം നികുതി വാഹനവിലയുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കുകയായിരുന്നു.
സ്ലീപ്പര്‍ ബര്‍ത്തുകള്‍ ഘടിപ്പിച്ച ഹെവി പാസഞ്ചര്‍ വിഭാഗത്തില്‍പെടുന്ന കോണ്‍ട്രാക്ട് കാര്യോജുകളുടെ ത്രൈമാസ നികുതി ഓരോ ബര്‍ത്തിനും 1800 രൂപ എന്നത് 1500 രൂപയാക്കിയിട്ടുണ്ട്.