ന്യൂ ഡൽഹി: അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്ന 7.25 ലക്ഷം ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തുമെന്ന് എംപിയും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല. അമേരിക്ക കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ ആണ് നടപടി. പലരും വർഷങ്ങളായി യുഎസിൽ സ്ഥിരതാമസം ആണെന്നും, അവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ന് ഞാൻ പാർലമെന്റിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ യോഗത്തിൽ പങ്കെടുത്തു. അവിടെ വെച്ച് അമേരിക്ക 7.25 ലക്ഷം ഇന്ത്യക്കാരെ നിയമവിരുദ്ധരെന്ന് കാട്ടി തിരിച്ചയയ്ക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ഈ ആളുകൾ വർഷങ്ങളായി അവിടെ താമസിക്കുന്നു. അവിടെ അവർ നന്നായി സമ്പാദിക്കുന്നു, ഇന്ത്യയിൽ അവർക്ക് ഒന്നും ബാക്കിയില്ല. ഇവിടെ വന്നതിന് ശേഷം അവർ എന്തു ചെയ്യും? അവർ പെട്ടെന്ന് സമ്പന്നരിൽ നിന്ന് ദരിദ്രരായി മാറി,” കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നു.
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം ഇന്ന് പഞ്ചാബിലെ അമൃത്‍സറിൽ എത്തിയിരുന്നു. 104 ഇന്ത്യക്കാരാണ് ആദ്യ ഘട്ടത്തിൽ രാജ്യത്ത് തിരിച്ചെത്തിയത്. ഇന്ത്യൻ പൗരന്മാരെ പരിശോധിച്ചുറപ്പുവരുത്തിയിട്ടാണ് വിമാനത്തിൽ കയറ്റിയതെന്ന് യുഎസ് അധികൃതർ അറിയിച്ചിരുന്നു. മറ്റു രാജ്യങ്ങളിലേക്കും യുഎസ് അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കുന്നുണ്ട്.