മസ്‌ക്കത്ത്: ജിസിസി രാജ്യങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ നയം സ്വീകരിക്കുന്ന രാജ്യമാണ് ഒമാന്‍. എല്ലാ രാജ്യങ്ങളുമായും വലിയ അകലമോ അടുപ്പമോ ഒമാനില്ല. അറബ് ലോകത്ത് ഭിന്നതയുള്ള വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഒമാന്റെ പതിവ്. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ അനൈക്യമുണ്ടായപ്പോഴും യോജിപ്പിന്റെ സ്വരമായിരുന്നു ഒമാന്.
എല്ലാ രാജ്യങ്ങളുമായും തുല്യമായ അടുപ്പം നിലനിര്‍ത്തുന്നു ഒമാന്‍. പശ്ചിമേഷ്യയിലെ മിക്ക ശക്തികളുമായും ബന്ധം കാത്തു സൂക്ഷിക്കുന്ന മറ്റൊരു പ്രധാന ജിസിസി രാജ്യമാണ് ഖത്തര്‍. സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ ഖത്തറിനെ സഹായിക്കുന്നതും ഈ നയമാണ്. എന്നാല്‍ യമനിലെ ഹൂത്തികളുമായി സൗദി പ്രശ്‌നമുണ്ടായപ്പോള്‍ സമാധാന ശ്രമവുമായി ഇറങ്ങിയത് ഒമാന്‍ ആയിരുന്നു.
ഖത്തറിനെതിരെ 2017ല്‍ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ തുല്യമായ അകലം പാലിക്കുകയായിരുന്നു ഒമാന്‍. ഐക്യമാണ് വേണ്ടതെന്ന് ഇരുവിഭാഗത്തെയും ഒമാന്‍ ഓര്‍മിപ്പിച്ചു. സിറിയ, ഇറാഖ്, യമന്‍ വിഷയങ്ങളിലെല്ലാം അറബ് ലോകം ചേരി തിരിഞ്ഞപ്പോഴും ഒമാന്‍ വിവാദത്തിന് നിന്നില്ല.
ഒമാന്റെ വ്യാപാര കണക്കുകള്‍ പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. യുഎഇ, സൗദി അറേബ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഒരുപോലെ വ്യാപാരം തുടരുന്ന രാജ്യമാണ് ഒമാന്‍. ജിസിസി രാജ്യങ്ങള്‍ പല ഘട്ടങ്ങളിലും ഇറാനെ അകറ്റി നിര്‍ത്തിയപ്പോഴും ഒമാന്റെ നിലപാട് മറിച്ചായിരുന്നു. എണ്ണ ഇതര കയറ്റുമതിയില്‍ ഒമാന്റെ വലിയ വ്യാപാര പങ്കാളി യുഎഇ ആണ് എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023നേക്കാള്‍ 8.1 ശതമാനം വര്‍ധനവാണ് 2024ല്‍ ഇക്കാര്യത്തിലുള്ളത്.
എണ്ണ ഇതര കയറ്റുമതിയില്‍ 935 മില്യണ്‍ റിയാലിന്റെ ഇടപാടാണ് ഒമാനും യുഎഇയും തമ്മില്‍. ഒമാനില്‍ നിന്നു കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ യുഎഇ റീ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണ ഇതര ഇടപാടില്‍ ഒമാന്റെ രണ്ടാമത്തെ വ്യാപാര പങ്കാളി സൗദി അറേബ്യയാണ്. ശേഷമാണ് ദക്ഷിണ കൊറിയയുടെ സ്ഥാനം.
ഒമാന്റെ വസ്തുക്കള്‍ റീ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് യുഎഇ ആണെങ്കില്‍ രണ്ടാം സ്ഥാനത്ത് ഇറാന്‍ ആണ്. 335 റിയാലിന്റെ വസ്തുക്കളാണ് ഇത്തരത്തില്‍ ഇറാന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഒമാനിലേക്ക് കൂടുതല്‍ ചരക്കുകള്‍ എത്തുന്നത് യുഎഇ, ചൈന, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ്. 2024 നവംബര്‍ വരെയുള്ള കണക്കില്‍ രണ്ട് ശതമാനം വ്യാപാര മിച്ചം പിടിക്കാന്‍ ഒമാന് സാധിച്ചതും നേട്ടമായി വിലയിരുത്തുന്നു.
2023ല്‍ ഓമാന്റെ വ്യാപാര മിച്ചം 6.99 ബില്യണ്‍ റിയാല്‍ ആയിരുന്നു എങ്കില്‍ 2024ല്‍ 7.14 ബില്യണ്‍ റിയാല്‍ ആയി വര്‍ധിച്ചു. എണ്ണയും വാതകവും തന്നെയാണ് ഒമാന്റെ പ്രധാന കയറ്റുമതി വസ്തുക്കള്‍. എണ്ണയും വാതകവും കയറ്റുമതി 19.7 ശതമാനമായി ഉയര്‍ന്നു. 2023ല്‍ ഇത് 14.99 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒമാന്റെ ഇറക്കുമതി 10.6 ശതമാനത്തില്‍ നിന്ന് 15.09 ശതമാനമായി ഉയര്‍ന്നു എന്നതും എടുത്തു പറയണം.