Friday, July 4, 2025
HomeIndiaകേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ മുന്തിയ പരിഗണന, കേന്ദ്ര ബജറ്റ് സാധാരണ ജനങ്ങൾക്കായി: കെ.സുരേന്ദ്രൻ

കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ മുന്തിയ പരിഗണന, കേന്ദ്ര ബജറ്റ് സാധാരണ ജനങ്ങൾക്കായി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബി.ജെ.പി സംസ്ഥാന അധയക്ഷൻ കെ. സുരേന്ദ്രൻ. യു.പി.എ സർക്കാർ ഭരിച്ച 10 വർഷത്തിൽ നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക മോദി സർക്കാർ കേരളത്തിന് നൽകി.

എന്നാൽ കേരളത്തിനോട് കേന്ദ്ര അവഗണനയാണെന്നാണ് യു.ഡി.എഫും എൽ.ഡി.എഫും വ്യാജപ്രചരണം നടത്തുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. 2004 മുതൽ 14 വരെ 46,000 കോടി രൂപയാണ് യു.പി.എ സർക്കാർ കേരളത്തിന് അനുവദിച്ചത്. എന്നാൽ 2015 മുതൽ 25 വരെ 1,57,000 കോടി രൂപയാണ് സംസ്ഥാനത്തിന് എൻ.ഡി.എ സർക്കാർ അനുവദിച്ചത്.

റെയിൽവെ ബജറ്റിൽ യു.പി.എ കാലത്ത് പ്രതിവർഷം 370 കോടി രൂപയാണ് കേരളത്തിന് കിട്ടിക്കൊണ്ടിരുന്നതെങ്കിൽ ഈ വർഷം മാത്രം 3042 കോടിയാണ് മോദി സർക്കാർ കേരളത്തിന് നൽകിയത്. കേരളത്തിലെ 35 റെയിൽവെ സ്‌റ്റേഷനുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. കേരളത്തിൻറെ നടപ്പ് റെയിൽ പദ്ധതികൾക്കെല്ലാം കേന്ദ്രത്തിൻറെ പിന്തുണയുണ്ട്. എന്നാൽ സംസ്ഥാനം ഇതിനോടെല്ലാം മുഖം തിരിഞ്ഞു നിൽക്കുകയാണ്.

ശബരി റെയിൽ പദ്ധതി മുടങ്ങിയത് സംസ്ഥാനത്തിൻറെ അലംഭാവം കൊണ്ട് മാത്രമാണ്. കേന്ദ്രത്തിൻറെ ത്രികക്ഷി എംഒയു സംസ്ഥാനം അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്. കേരളത്തിൻറെ പിടിപ്പുകേടാണിതിൻറെ കാരണം. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിൽ റെയിൽവെക്ക് വലിയ കുതിച്ചുചാട്ടമാണുണ്ടായത്. 500 കോടി വാർഷിക വരുമാനത്തിലേക്ക് കേരളത്തിലെ പ്രധാന റെയിൽവെ സ്റ്റേഷനുകളെ ഉയർത്താനുള്ള നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്.

എന്നിട്ടും പുതിയ വണ്ടികൾ കേരളത്തിന് അനുവദിച്ചില്ലെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. ബജറ്റിലല്ല പുതിയ വണ്ടികൾ അനുവദിക്കുകയെന്നെങ്കിലും ഇവർ മനസിലാക്കണം. വൻകിട പദ്ധതികൾ ഒന്നും ബജറ്റിൽ അല്ല പ്രഖ്യാപിക്കാറുള്ളത്. ഇത് മനസിലാക്കാതെയാണ് മാധമങ്ങൾ പോലും പ്രതികരിക്കുന്നത്. രണ്ട് ലക്ഷം രൂപ വരുമാനമുള്ളവർക്ക് വരെ ടാക്‌സ് അടക്കേണ്ടിയിരുന്ന സാഹചര്യമായിരുന്നു യു.പി.എ ഭരിക്കുമ്പോൾ എങ്കിൽ ഇപ്പോൾ 12 ലക്ഷം വരുമാനമുള്ളവർ വരെ നികുതി അടക്കേണ്ടതില്ല.

മധ്യവർഗത്തിനെ ഇത്രയും അനുകൂലമായി നിലപാടെടുത്ത മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. എന്നാൽ ബജറ്റ് പ്രസംഗം തുടങ്ങും മുമ്പ് കേന്ദ്ര അവഗണയെന്ന് പറഞ്ഞ് പ്രസ്താവന ഇറക്കുകയാണ് ഇൻഡി സഖ്യം ചെയ്യുന്നത്. വയനാടിൻറെ കാര്യത്തിൽ സംസ്ഥാനത്തിന് ഹൈകോടതിയിൽ മുഖം നഷ്ടപ്പെട്ടു. കേരളത്തിൻറെ കൈയിൽ പണമുണ്ടായിട്ടും വയനാടിന് വേണ്ടി ഒന്നും ചെയ്തില്ല. സംസ്ഥാനത്തിൻറെ കുറ്റം മറച്ചുവെക്കാനാണ് കേന്ദ്രത്തെ പഴിചാരുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments