ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആം ആദ്മി പാർട്ടിക്ക് ബിജെപി വക കനത്ത രാഷ്ട്രീയ പ്രഹരം. കെജ്രിവാളിനെതിരെ വിമർശനമുന്നയിച്ച് ഇന്നലെ രാജിവെച്ച എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നദ്ദയുടെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കൾ നേതാക്കളെ ബിജെപി അംഗത്വം നൽകി സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ കെജ്രിവാളിനും എ എ പിക്കും കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്ക്.സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് 8 ആം ആദ്‌മി എംഎൽമാർ രാജിവെച്ചത്.
രോഹിത് കുമാർ മെഹ്‌റൗലിയ, രാജേഷ് ഋഷി, മദൻ ലാൽ, നരേഷ് യാദവ് , ഭൂപീന്ദർ സിംഗ് ജൂൺ, ഭാവന ഗൗർ, പവൻ ശർമ, ഗിരീഷ് സോനി എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നത്.
ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് മുൻ നേതാക്കൾ നടത്തിയത്. ആം ആദ്മി പാർട്ടിയിൽ വർധിച്ചുവരുന്ന അഴിമതിയെ തുടർന്നാണ് രാജിയെന്നാണ് മെഹ്‌റൗളി എംഎൽഎ നരേഷ് യാദവ് വിമർശിച്ചത്.
“ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ബിജെപി ഡൽഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതൊരു ചരിത്ര നിമിഷമാണെന്ന് ബൈജയന്ത് പാണ്ഡ പറഞ്ഞു. ഫെബ്രുവരി അഞ്ചിലെ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹി സ്വതന്ത്രമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാണ്ഡ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു എം എൽ എമാരുടെ രാജി. മെഹ്രൗൾ മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന നരേഷ് യാദവിനെ സ്ഥാനാർത്ഥിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എഎപി ‘സത്യസന്ധമായ രാഷ്ട്രീയം’ ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് എംഎൽഎ രാജിക്കത്തിൽ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം പാർട്ടി അഴിമതിയുടെ ചതുപ്പുനിലത്തിൽ കുടുങ്ങിയിരിക്കുകയാണെന്നും രാജിക്കത്തിൽ ആരോപണമുണ്ട്.
മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലായ ഡൽഹി മദ്യനയ കേസ് ഉൾപ്പെടെ രാജിക്കത്തിൽ നരേഷ് യാദവ് പരാമർശിക്കുന്നുണ്ട്. ഡിസംബറിൽ ഖുറാൻ അവഹേളനക്കേസിൽ നരേഷ് യാദവിനെ പഞ്ചാബ് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. നരേഷ് യാദവിന് പകരം മഹേന്ദർ ചൗധരിയാണ് അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്രൗളിൽ സ്ഥാനാർത്ഥി.