Friday, December 5, 2025
HomeNewsസ്കൂളിൽ മകൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു: ഗുരുതര ആരോപണവുമായി ​കൊച്ചിയിൽ മരിച്ച 15കാരന്റെ മാതാവ്

സ്കൂളിൽ മകൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു: ഗുരുതര ആരോപണവുമായി ​കൊച്ചിയിൽ മരിച്ച 15കാരന്റെ മാതാവ്

കൊച്ചി: താമസിക്കുന്ന ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് 15 വയസ്സുകാരൻ ചാടി മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി മാതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തൃപ്പൂണിത്തറ ചോയ്സ് പാരഡൈസ് ടവറിൽ താമസിക്കുന്ന പി.എം. റജ്നയുടെ മകൻ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദാണ് ജീവനൊടുക്കിയത്. ജനുവരി 15നായിരുന്നു ദാരുണസംഭവം. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്.

മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയാണ് കുടുംബം പരാതി നൽകിയത്. ചെറിയ തെറ്റുകൾക്ക് പോലും ഈ സ്കൂളുകളിൽ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ‘മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. അത്തരമൊരു നിസ്സഹായമായ ഘട്ടത്തിൽ അവൻ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടാൻ തക്ക തെളിവുകളും ഞങ്ങൾക്ക് ലഭ്യമാവുകയുണ്ടായി.

സ്‌കൂളിൽ വെച്ചും സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേൽക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്ത് വാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ളോസ്റ്റിൽ ബലാൽക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യുകയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ബോധ്യമായ കാര്യങ്ങളാണ്’ -മാതാവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments