ഗസ്സ: വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ എട്ടുപേരെ കൂടി മോചിപ്പിച്ചു. സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രായേലികളെയും അഞ്ചു തായ്ലാൻഡ് സ്വദേശികളെയുമാണ് വ്യാഴാഴ്ച മോചിപ്പിച്ചത്.
യുദ്ധത്തിൽ രക്തസാക്ഷിയായ ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെ ഗസ്സ സിറ്റിയിലെ തകർന്ന വീടിനു മുന്നിൽ നൂറുകണക്കിന് പോരാളികളുടെ സാന്നിധ്യത്തിലായിരുന്നു ഇസ്രായേലി സൈനിക അഗാം ബെർഗറിന്റെ കൈമാറ്റം. ഹമാസിന്റെയും അൽ ഖസ്സാം ബ്രിഗേഡിന്‍റെയും ശക്തിപ്രകടനം കൂടിയായി കൈമാറ്റ ചടങ്ങ്. ഇസ്രായേൽ തടവിലുള്ള 100 ഫലസ്ഥീനികളെ രാത്രിയോടെ മോചിപ്പിക്കും. ബന്ദികളെ റെഡ് ക്രോസിനു കൈമാറുമ്പോൾ റോഡിലും തകർന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് ഫലസ്തീനികൾ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. 29കാരിയായ ബന്ദി അർബൽ യഹൂദിന്റെ കൈമാറ്റവും സമാന രീതിയിലായിരുന്നു.
ജനക്കൂട്ടത്തെ വകഞ്ഞുമാറ്റിയാണ് റെഡ്ക്രോസ് വാഹനത്തിലേക്ക് ഇവരെ കയറ്റിയത്. 80കാരനായ ഗാഡി മോസസ്, അഞ്ച് തായ്‍ലന്റ് സ്വദേശികൾ എന്നിവരും മോചിപ്പിക്കപ്പെട്ടു. ജനക്കൂട്ടത്തിന്റെ പെരുമാറ്റം ഞെട്ടിച്ചുവെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മധ്യസ്ഥരോട് ആവശ്യപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ബന്ദിമോചനം തെൽഅവീവിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ കണ്ട ഇസ്രായേലികൾ ആനന്ദാശ്രു പൊഴിച്ചു.
ഇസ്രായേൽ ജയിലിൽനിന്ന് മോചിപ്പിക്കുന്ന ഫലസ്തീനികളിൽ 30 കുട്ടികളുണ്ട്. കൂടാതെ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 30 പേരും. വടക്കൻ ഗസ്സയിലേക്ക് ഇസ്രായേൽ പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ഫലസ്തീനികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് തുടരുകയാണ്.