Sunday, May 25, 2025
HomeGulfസ്കൂൾ ബാഗുകളുടെ അമിത ഭാരം 50 ശതമാനത്തോളം കുറച്ച് കുവൈത്ത്  വിദ്യാഭ്യാസ മന്ത്രാലയം

സ്കൂൾ ബാഗുകളുടെ അമിത ഭാരം 50 ശതമാനത്തോളം കുറച്ച് കുവൈത്ത്  വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി : വിദ്യാർഥികളുടെ ശാരീരികാരോഗ്യം ഉറപ്പാക്കാൻ സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനത്തോളം കുറച്ചതുൾപ്പെടെ ഫലപ്രദമായ നടപടികളുമായി കുവൈത്ത്  വിദ്യാഭ്യാസ മന്ത്രാലയം. 

സ്കൂൾ ബാഗുകളുടെ അമിത ഭാരം കാരണം വിദ്യാർഥികളുടെ  ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കടുത്ത ആശങ്ക ഉയർത്തിയതോടെയാണ്  പാഠപുസ്തകങ്ങൾ നിറച്ച  സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനമാക്കി കുറച്ചത്. പ്രശ്ന പരിഹാരത്തിനായി പാഠപുസ്തകങ്ങളുടെ ഭാരം കുറച്ചാണ് പുതിയ നടപടി. 

2024–2025 അധ്യയന വർഷത്തിൽ പാഠപുസ്തകങ്ങൾ 2 വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കണം എന്നതുൾപ്പെടെയുള്ള നടപടികളാണ് സ്വീകരിച്ചത്. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്താബായിയുടെ നിർദേശപ്രകാരമാണിത്. വിദ്യാഭ്യാസത്തിന്റെയും ഉള്ളടക്കത്തിന്റെയും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്താതെ കുട്ടികളുടെ അമിതഭാരം കുറയ്ക്കുകയാണ് ലക്ഷ്യം. 

പുതിയ നടപടിയുടെ പശ്ചാത്തലത്തിൽ  2024–2025 അധ്യയന വർഷത്തിൽ അച്ചടിച്ചിരിക്കുന്ന പാഠപുസ്തകങ്ങൾ ഭാരം കുറഞ്ഞവയാണ്. അടുത്ത സെമസ്റ്ററിലേയ്ക്കുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ വിതരണം ചെയ്തു തുടങ്ങി. ഫലപ്രദമായ പഠനവും വിദ്യാർഥികളുടെ ക്ഷേമവും തുല്യതപ്പെടുത്തികൊണ്ടാണിത്. പാഠപുസ്തകങ്ങളുടെയും ഉള്ളടക്കത്തിന്റെയും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്താതെയുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന്  മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ  കാര്യക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്.

സ്കൂൾ പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ള ബജറ്റ് അനുസരിച്ചാണ് എല്ലാ മാറ്റങ്ങളും വരുത്തിയിട്ടുള്ളതെന്നും മന്ത്രാലയം വിശദമാക്കി.  ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തികകാര്യങ്ങൾക്കും അനുസൃതമായ നടപടികളാണ് കൈക്കൊള്ളുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.  സ്കൂൾ ബാഗുകളുടെ അമിതഭാരം നിമിത്തം കുട്ടികൾക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കണമെന്ന് വർഷങ്ങളായി രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും അധികൃതരോട് ഉന്നയിച്ചിരുന്ന ആവശ്യമാണ് ഫലം കണ്ടത്.

ചുമലിൽ ബാഗ് തൂക്കി നടക്കുന്നതു മൂലമുണ്ടാകുന്ന പരുക്കുകൾ ഒഴിവാക്കാൻ  മിക്കപ്പോഴും ഭാരമേറിയ പുസ്തകങ്ങൾ കുട്ടികൾ കൈയ്യിൽ പിടിച്ചാണ് സ്കൂളിലേയ്ക്ക് വരുന്നത്. കഴുത്തിനും നടുവിനും ഉണ്ടാകുന്ന അമിത വേദന ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ബാഗുകളുടെ ഭാരം വിദ്യാർഥിയുടെ ശരീരഭാരത്തേക്കാൾ  15 ശതമാനത്തിൽ കൂടാൻ പാടില്ലെന്നും  വിസ്തൃതിയുള്ള പാഡുകളോടു കൂടിയ സ്ട്രാപ്പും ബാഗുകൾക്ക് ഉണ്ടായിരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments