പത്തനംതിട്ട: ഒത്തുചേരലിൻ്റെയും ഒരുമയുടെയും ആഘോഷമായി ഓണം അരങ്ങിൽ ഉത്സവമാക്കാൻ ഒരുങ്ങുകയാണ് കുടമുക്ക്. ഇവിടുത്തുകാർക്ക് ഇത്തവണത്തെ ഓണം നാടകത്തിൻ്റെ തലയെടുപ്പോടെയാണ്. പരിചിതരായ നാട്ടുകാർ വേദിയിൽ ആടിതിമർക്കും. അതും രണ്ടര മണിക്കൂർ. കുടമുക്ക് സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി പ്രദേശവാസികൾ തന്നെ അഭിനയിക്കുന്ന “സ്‌മൃതിപഥങ്ങൾ” എന്ന നാടകമാണ് ഇത്തവണത്തെ കുടമുക്കിൻ്റെ ഓണ വിശേഷം.
മുപ്പതു വർഷങ്ങൾക്കു മുൻപ് സമീപഗ്രാമമായ വള്ളിക്കോട് മായാലിൽ യു.എ.എസ്.സി. അംഗങ്ങൾ അവതരിപ്പിച്ച “സ്‌മൃതിലയം” എന്ന നാടകമാണ് പുതിയ രൂപത്തിലും ഭാവത്തിലും വേദിയിലെത്തുന്നത്. നാട്ടുകാർക്കിടയിൽ ജനകീയമായ ഈ നാടകം പിന്നീട് നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടാണ് സ്‌മൃതിപഥങ്ങൾ അരങ്ങിലെത്തുന്നത്. കഴിഞ്ഞ രണ്ടു മാസം നീണ്ടുനിന്നു നാടക പരിശീലനം. രചന, സംവിധാനം: കുമ്പളത്ത് പത്മകുമാർ. തോമസ് ജോസ് അയ്യനേത്ത്, സോമരാജൻ, മഞ്ജു, ഉഷാകുമാരി, പ്രശാന്ത് എസ്., അമ്പിളി, ശോഭനകുമാരി, അനൂപ് കുമാർ, അർച്ചന എം., ഷാജി പി. ജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സഹസംവിധാനം: പ്രശാന്ത് കുമാർ, വിജയൻ മാമ്മൂട്, ചമയം: എം.ആർ.സി. നായർ വള്ളിക്കോട്, രംഗപടം: സോമൻ മങ്ങാട്, സാങ്കേതിക സഹായം: രാധാകൃഷ്ണൻ ആനന്ദപ്പള്ളി, പ്രകാശസംവിധാനം: മഹേഷ് വാഴമുട്ടം
അവിട്ടം ദിനത്തിൽ (16ന് ) രാത്രി ഒൻപത് മുതൽ കുടമുക്ക് ശ്രീനാരായണ ക്ഷേത്ര മൈതാനത്ത് നാടകം അരങ്ങേറും.