ലണ്ടൻ: രണ്ട് തവണ വധശ്രമത്തെ അതിജീവിച്ച, യു.എസിന്‍റെ വാണ്ടഡ് ലിസ്റ്റിലുള്ള മയക്കുമരുന്ന് തലവൻ യു.കെയിൽ പിടിയിൽ. കൊളംബിയക്കാരനായ ലൂയിസ് ഗ്രിജാൽബയാണ് (43) അറസ്റ്റിലായത്. രഹസ്യമായി നടത്തിയ വിദേശ യാത്രക്കിടെ ലണ്ടനിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്.
ലൂയിസ് ഗ്രിജാൽബക്കെതിരെ കൊളംബിയയിൽ കേസില്ലാത്തതിനാൽ ഇയാളെ സ്വന്തം രാജ്യത്ത് അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ, കോസ്റ്റാ റിക്കയിൽ നിന്ന് യു.എസിലേക്ക് മയക്കുമരുന്ന് കടത്തിയതിന് യു.എസിൽ നിരവധി കേസുണ്ട്. യു.എസ് ഏജൻസികൾ ഇയാളെ പിടികൂടാൻ ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു.
രഹസ്യമായി വിദേശയാത്രകൾ നടത്തുകയാണ് ലൂയിസ് ഗ്രിജാൽബയുടെ പതിവ്. ഇത്തവണ ഭാര്യയോടൊപ്പം യു.കെ യാത്ര നടത്തിയിരുന്നു. ഇതിനിടെ ലണ്ടനിൽ വെച്ച് ഇയാളുടെ ഭാര്യ ഒരുമിച്ചുള്ള സെൽഫി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട യു.എസ് ഏജൻസി യു.കെ അധികൃതരുമായി ബന്ധപ്പെടുകയും ലണ്ടൻ ബ്രിഡ്ജിന് സമീപത്തുവെച്ച് ലൂയിസ് ഗ്രിജാൽബയടെ പിടികൂടുകയുമായിരുന്നു.