ഫ്ലോറിഡ: യാത്രക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച നയങ്ങൾ പുതുക്കി അമേരിക്കൻ ബജറ്റ് എയർലൈനായ സിപിരിറ്റ് എയർലൈൻസ്. മാന്യമായ വസ്ത്രം ധരിക്കാതെയോ ചെരിപ്പിടാതെയോ എയർലൈനിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് വിമാന കമ്പനി കഴിഞ്ഞ ദിവസം ഇറക്കിയ പുതുക്കിയ നയത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ ശരീരത്തിൽ അശ്ലീല സ്വഭാവമുള്ളതായ ടാറ്റൂ അച്ചടിച്ചിട്ടുണ്ടെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് അറിയിപ്പ്.
ശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ വ്യക്തമാക്കുന്നതോ സുതാര്യമായതോ ആയ വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരെയും ശരീരത്തിലെ ടാറ്റൂ കാണിക്കും വിധത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തുന്നവരെയും വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. വസ്ത്രധാരണത്തെ സംബന്ധിച്ച് മുൻപും എയർലൈൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് കൃത്യമായ നിർവചനങ്ങൾ ഏർപ്പെടുത്തിയത്. സ്വകാര്യ ഭാഗങ്ങൾ കൃത്യമായി മറച്ചിരിക്കണം, സുതാര്യമായ വസ്ത്രങ്ങൾ ധരിക്കരുത് തുടങ്ങി മാന്യമായ വസ്ത്രധാരണം എന്നതിനെ കമ്പനി നിർവചിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ തരത്തിലുള്ള ടാറ്റൂകൾക്കാണ് വിമാനത്തിൽ നിയന്ത്രണമുള്ളതെന്നതിന് കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല. വിമാനത്തിലെ ജീവനക്കാർക്ക് ശരിയല്ല എന്നു തോന്നുന്ന ടാറ്റുകൾ മറച്ചു മാത്രമേ യാത്ര ചെയ്യാൻ സാധിക്കു എന്നാണ് പുതുക്കിയ നയത്തിൽ പറയുന്നത്.
വിമാനയാത്രകളിൽ പലപ്പോഴും വസ്ത്രധാരണം ഒരു പ്രശ്നമാകാറുണ്ട്. ലിംഗഭേദമില്ലാതെയാണ് പോളിസികൾ കൊണ്ടുവരുന്നതെങ്കിലും ഇത്തരം നിയന്ത്രണങ്ങൾ കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. വസ്ത്രധാരണത്തച്ചൊല്ലി മുൻപും ഒരുപാട് യാത്രക്കാർക്ക് പല വിമാന കമ്പനികളും യാത്ര നിഷേധിച്ചിരുന്നു. 2024ൽ ഉണ്ടായ ഒരു സംഭവത്തിൽ ക്രോപ് ടോപ്പ് ധരിച്ചെത്തിയ രണ്ട് സ്ത്രീകളെ സിപിരിറ്റ് എയർലൈൻ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നില്ല. കൂടാതെ വസ്ത്രധാരണത്തെച്ചൊല്ലി ഒരു സ്ത്രീക്ക് അമേരിക്കൻ എയർലൈൻസും യാത്ര നിഷേധിച്ചിരുന്നു. എന്നാൽ ഇതേത്തുടർന്ന് നിരവധി വിമർശനങ്ങൾ ഉയർന്നപ്പോൾ വിമാന കമ്പനി സ്ത്രീയോട് ക്ഷമ ചോദിക്കുകയായിരുന്നു.