വാഷിങ്ടൻ : ലൈംഗിക അതിക്രമം, അമിത മദ്യപാനം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങൾ നേരിട്ട പീറ്റ് ഹെഗ്‌സെത് (44) യുഎസ് പ്രതിരോധ സെക്രട്ടറി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും റിപ്പബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകനും ആയ ഹെഗ്‌സെത് സെനറ്റ് വോട്ടെടുപ്പിൽ കടന്നുകൂടുകയായിരുന്നു. വോട്ടെടുപ്പിൽ 50–50 എന്ന നില വന്നതോടെ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് കാസ്റ്റിങ് വോട്ടുചെയ്തു. സെനറ്റ് പ്രസിഡന്റ് കൂടിയാണ് വൈസ് പ്രസിഡന്റ്.
ഡെമോക്രാറ്റുകൾക്കു പുറമേ 3 റിപ്പബ്ലിക്കൻ പ്രതിനിധികളും സ്വതന്ത്രനും ഹെഗ്സെത്തിന് എതിരായതോടെയാണ് തുല്യനിലയിലായത്. ചരിത്രത്തിൽ 2 തവണമാത്രമാണ് പ്രധാന തസ്തികയിലെ നിയമനത്തിനുള്ള വോട്ടെടുപ്പിൽ സമനില വരുന്നത്. 2017 ൽ ട്രംപ് നിയമിച്ച വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡെവോസും ഇങ്ങനെയാണ് കടന്നുകൂടിയത്.
ഹെഗ്സെതിന്റെ നിയമത്തിൽ വിമർശനങ്ങൾക്കൊപ്പം ആശങ്കയും ഉയർന്നിട്ടുണ്ട്. വലിയ സ്ഥാപനങ്ങൾ നയിച്ച് പരിചയസമ്പത്തുള്ളവരും പൊതു അംഗീകാരമുള്ളവരും ആണ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തെത്തിയിട്ടുള്ളത്. 100 പേരുള്ള സ്ഥാപനം മാത്രം ഭരിച്ചു പരിചയമുള്ളയാൾ 13 ലക്ഷം സൈനികരെ നയിക്കുന്നതെങ്ങനെയെന്നാണ് ചോദ്യം.