വാഷിങ്ടൺ: യു.എസിലെ ജൻമാവകാശ പൗരത്വം അവസാനിപ്പിച്ചുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനിടെ സിസേറിയൻ വഴിയുള്ള പ്രസവത്തിന് തിരക്ക് കൂട്ടി ഇന്ത്യൻ ദമ്പതികൾ. ഫെബ്രുവരി 20 ഓടെ യു.എസിലെ ജൻമാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം.തുടർന്ന് നിരവധി ഇന്ത്യൻ ദമ്പതിമാരാണ് പ്രസവം സിസേറിയൻ വഴിയാക്കാൻ ആലോചിക്കുന്നതെന്ന് യു.എസിലെ ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.
ഏതാണ്ട് 20 ഓളം ദമ്പതിമാർ ഈ ആവശ്യമുന്നയിച്ച് സമീപിച്ചതായും ഡോക്ടർ വ്യക്തമാക്കി. പ്രസിഡന്റായി അധികാരമേറ്റയുടൻ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ജൻമാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഈ ഉത്തരവിൽ ഉടൻ ഒപ്പുവെക്കുകയും ചെയ്തു. ഉത്തരവനുസരിച്ച് ഫെബ്രുവരി 19നുള്ളിൽ യു.എസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമേ ജൻമാവകാശ പൗരത്വത്തിന് അർഹതയുണ്ടാവുകയുള്ളൂ.