മുംബൈ : കള്ളന്റെ അക്രമണത്താൽ ഗുരുതര പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്കു വലിയ തുക പാരിതോഷികം നൽകി സെയ്ഫ് അലിഖാൻ. പാരിതോഷികം പ്രതീക്ഷിച്ച് അല്ല അദ്ദേഹത്തെ സഹായിച്ചതെന്നും നടൻ തന്ന തുക എത്രയെന്ന് വെളിപ്പെടുത്തില്ലെന്നും ഓട്ടോ ഡ്രൈവറായ ഭജൻ സിങ് റാണ മാധ്യമങ്ങളോടു പറഞ്ഞു.
‘‘ആശുപത്രി വിടുന്നതിന് മുമ്പ് സെയ്ഫ് സർ എന്നെ കാണാനായി വിളിച്ചിരുന്നു. അദ്ദേഹം എന്നെ ആശ്ലേഷിച്ചു, അമ്മ ഷര്‍മിള ടാഗോറിന് പരിചയപ്പെടുത്തിക്കൊടുത്തു. ഞാന്‍ അവരുടെ കാലില്‍ തൊട്ട് വന്ദിച്ചു. അവര്‍ എന്നെ അനുഗ്രഹിച്ചു, നന്നായി വരുമെന്ന് പറഞ്ഞു. സെയ്ഫും നന്ദി പറഞ്ഞു, കൂടെ നിന്ന് ഫോട്ടോ എടുത്തു. ഭാവിയില്‍ എന്ത് ആവശ്യത്തിനും കൂടെയുണ്ടാവും എന്ന് പറഞ്ഞു.
ഒരു തുക കൈയില്‍ തന്നു, എന്ത് ആവശ്യമുണ്ടെങ്കിലും ബന്ധപ്പെടണം എന്ന് പറഞ്ഞു. അദ്ദേഹത്തിന് അപ്പോള്‍ തോന്നിയ, കയ്യിലുണ്ടായിരുന്ന തുകയാണ് നല്‍കിയത്. അത് എത്രയാണെന്ന് ഞാന്‍ പറയില്ല. അത് എനിക്കും സെയ്ഫിനും ഇടയിലുള്ള രഹസ്യമാണ്. അതൊരു പാരിതോഷികമൊന്നും അല്ല, അദ്ദേഹത്തിന്റെ അപ്പോഴത്തെ സന്തോഷമായിരുന്നു അത്. ആളുകള്‍ എന്തും പറഞ്ഞുപരത്തിക്കോട്ടെ, സെയ്ഫ് എനിക്ക് അമ്പതിനായിരമോ ഒരുലക്ഷമോ എത്രയോ തന്നെന്ന്. ഞാന്‍ അതിനോടൊന്നും പ്രതികരിക്കാനില്ല.
അക്കാര്യം പുറത്തുപറയില്ല എന്ന് ഞാന്‍ സെയ്ഫിന് വാക്ക് നല്‍കിയതാണ്. അന്ന് ഓട്ടോയില്‍ കയറിയത് സെയ്ഫാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ആപത്തില്‍പെട്ട് ഒരാളെ സഹായിക്കണം എന്ന് ഉണ്ടായിരുന്നുള്ളൂ.
ഓട്ടത്തിന്റെ കാശ് പോലും വാങ്ങാതെയാണ് അന്ന് മടങ്ങിയത്. ഞാന്‍ ചെയ്ത പ്രവൃത്തിക്ക് പാരിതോഷികം വേണം എന്ന് ഞാനൊരിക്കലും ആഗ്രഹിക്കില്ല.. ആവശ്യപ്പെടില്ല, അങ്ങനെയൊരു അത്യാഗ്രഹിയായ മനുഷ്യനല്ല ഞാന്‍. എന്നാല്‍, അദ്ദേഹം സന്തോഷത്തോടെ ഒരു ഓട്ടോറിക്ഷ സമ്മാനമായി നല്‍കിയാല്‍ അതിനേക്കാള്‍ സന്തോഷത്തോടെ സ്വീകരിക്കും.’’–ഭജൻ സിങ് റാണയുടെ വാക്കുകൾ.
മുംബൈ ലീലാവതി ആശുപത്രിയിൽവെച്ചാണ് സെയ്ഫ് അലി ഖാനും ഭജൻ സിങ് റാണയും കണ്ടത്. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപായിരുന്നു ഈ കൂടിക്കാഴ്ച. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് നീണ്ടു. റാണയെ ആശ്ലേഷിച്ച് നന്ദി പറഞ്ഞ താരം അദ്ദേഹത്തിന്റെ നല്ല മനസ്സിനെക്കുറിച്ചും വാചാലനായി. സെയ്ഫ് അലി ഖാന്റെ അമ്മയും നടിയുമായ ഷർമിള ടാഗോറും റാണയ്ക്കു നന്ദി പറഞ്ഞു
അതേസമയം സ്വന്തംനാട്ടിലും കുടുംബത്തിനിടയിലും സമൂഹ മാധ്യമങ്ങളിലും റാണ ഒരു ഹീറോ ആയി കഴിഞ്ഞു. സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരി കഴിഞ്ഞ ദിവസം പതിനോരായിരം രൂപയും പൊന്നാടയും റാണയ്ക്കു സമ്മാനിച്ചിരുന്നു. ഗായകൻ മിഖ സിങും ഒരു ലക്ഷം രൂപ നൽകാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ മാധ്യമങ്ങൾക്കു മുൻപിൽ അന്നു നടന്ന സംഭവത്തെക്കുറിച്ച് റാണ വിശദീകരിച്ചത് ഇങ്ങനെ: ‘‘കഴിഞ്ഞ 15 വർഷമായി ഇതേ വഴിയിൽ പതിവായി രാത്രിയിൽ ഓട്ടോ ഓടിക്കുന്ന ആളാണ് ഞാൻ. അപ്പോളാണ് ആ കെട്ടിടത്തിന്റെ ഗേറ്റിനു അപ്പുറത്തുനിന്നും ഒരു സ്ത്രീ വാഹനത്തിനായി നിലവിളിക്കുന്നത് കേട്ടത്. അതിലെ പോകുന്ന മറ്റു വണ്ടികളൊക്കെ നിർത്താതെ പോകുകയായിരുന്നു. നിലവിളി കേട്ട്, വണ്ടി യു ടേൺ എടുത്ത് അവരുടെ അരികിലേക്കെത്തി. എന്തോ അടിപിടി കേസ് ആണെന്നാണ് കരുതിയത്.അവിടെ ഒരാൾ ചോരയിൽ കുളിച്ച് നിൽക്കുന്നുണ്ടായിരുന്നു. കൂടെ നാലഞ്ചു പേരുമുണ്ടായിരുന്നു. അവർ താങ്ങിപ്പിടിച്ച് ആ മനുഷ്യനെ ഓട്ടോയിൽ കയറ്റി. അപ്പോൾ അത് ആരാണെന്നു എനിക്ക് മനസിലായില്ല. അയാളുടെ കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. ഏഴു വയസ്സു തോന്നിക്കുന്ന ഒരു ആൺകുട്ടിയും കുറച്ചു മുതിർന്ന ഒരു പുരുഷനുമായിരുന്നു അപ്പോൾ ഒപ്പം വന്നത്. ഓട്ടോയിൽ കയറുന്നതിനു മുൻപ് കുറച്ചുപേർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ കരീനയെ കണ്ടതായി ഓർക്കുന്നില്ല.”