തെഹ്റാൻ: മതനിന്ദയാരോപിച്ച് ജനപ്രിയ ഗായകൻ ആമിർ ഹൊസൈൻ മഗ്സൗദലൂവിന് (ടറ്റാലു) ഇറാനിയൻ കോടതി വധശിക്ഷ വിധിച്ചു. മുമ്പ് കീഴ്‌കോടതി മതനിന്ദ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് അഞ്ച് വർഷത്തെ തടവാണ് വിധിച്ചിരുന്നത്. ഇത് തള്ളിക്കൊണ്ടാണ് വധശിക്ഷയെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിധി അന്തിമമല്ലെന്നും അപ്പീൽ നൽകാൻ അവസരമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.2018 മുതൽ തുർക്കി തലസ്ഥാനമായ ഇസ്താംബൂളിലായിരുന്നു 37കാരനായ ടറ്റാലു കഴിഞ്ഞുവന്നത്. 2023 ഡിസംബറിൽ തുർക്കി പൊലീസ് ഇറാന് കൈമാറി. അന്ന് മുതൽ അദ്ദേഹം തടങ്കലിലാണ്.
വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിന് ടാറ്റലൂവിന് 10 വർഷം തടവും വിധിച്ചിട്ടുണ്ട്. മറ്റ് കേസുകളില്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരായ പ്രചാരണത്തിനുംനും ‘അശ്ലീല ഉള്ളടക്കം’ പ്രസിദ്ധീകരിച്ചതിനും ടാറ്റലൂവിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു ടറ്റാലു. യുവാക്കളെ ലിബറൽ ചിന്താഗതിക്കിക്കാരാക്കുന്നു എന്നാണ് ഗായകന് നേരെയുള്ള പ്രധാന ആക്ഷേപമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഇറാൻ 900ലധികം വധശിക്ഷ നടപ്പാക്കിയതായി യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വോൾക്കർ ടർക്ക് വ്യക്തമാക്കിയിരുന്നു. ഡിസംബറിലെ ഒരു ആഴ്ചയിൽ മാത്രം നാൽപതോളം പേരെയാണ് തൂക്കിക്കൊന്നത്. വധശിക്ഷ നൽകിയ സ്ത്രീകളുടെ എണ്ണത്തിലും വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു.