വാഷിംഗ്ടൺ: മാർക്കോ റുബിയോയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. പ്രസിഡന്റ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ, സെനറ്റ് അംഗീകാരം നൽകുകയായരുന്നു. സെനറ്റ് അംഗീകരിച്ച കാബിനറ്റ് നോമിനികളിൽ ആദ്യത്തെയാളായി റുബിയോ മാറി.
ശക്തനായ ചൈന വിമർശകനും ഇസ്രായേലിന്റെ ഉറച്ച പിന്തുണക്കാരനുമാണ് റുബിയോ. സെനറ്റിലെ വിദേശകാര്യ – ഇന്റലിജൻസ് കമ്മിറ്റികളിൽ ദീർഘകാല അംഗമായിരുന്നു. കോൺഗ്രസ് വിചാരണ വിജയകരമായി പൂർത്തിയാക്കിയ ശേഷം സെനറ്റിൽ 99-0 വോട്ടുകൾ നേടി റൂബിയോ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി.
ക്യൂബയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായ ഇദ്ദേഹം, കമ്മ്യൂണിസ്റ്റ് ക്യൂബയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കുമെതിരെ, പ്രത്യേകിച്ച് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സമ്മർദം ചെലുത്തിയിട്ടുണ്ട്. യുഎസിലെ ഉന്നത നേതൃസ്ഥാനം ഏറ്റെടുക്കുന്ന ആദ്യത്തെ ഹിസ്പാനിക് വംശജനാണ് റൂബിയോ.