വാഷിംങ്ടൺ : 47ാം യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനാരോഹണം ചെയ്യാൻ ഒരുങ്ങുമ്പോൾ, ആയിരക്കണക്കിന് പ്രതിഷേധക്കാർ, കൂടുതലും സ്ത്രീകൾ, ശനിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നഗരത്തിലുടനീളമുള്ള മൂന്ന് പാർക്കുകളിൽ പ്രതിഷേധക്കാർ ഒത്തുകൂടി, തുടർന്ന് ലിങ്കൺ മെമ്മോറിയലിലേക്ക് മാർച്ച് നടത്തി. പ്രതീക്ഷിച്ചതിലും കുറവായിരുന്നു ജനക്കൂട്ടം എങ്കിലും, ട്രംപിന് എതിരെ കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. ന്യൂയോർക്ക് സിറ്റി, സിയാറ്റിൽ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലും ചെറിയ പ്രകടനങ്ങൾ നടന്നു.
പീപ്പിൾസ് മാർച്ച് എന്ന് വിളിക്കപ്പെട്ടിരുന്ന ഈ പരിപാടി, 2017-ൽ ട്രംപ് അധികാരമേറ്റതിനുശേഷം എല്ലാ വർഷവും നടന്നുവരുന്നു. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട രൂപങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് “ട്രംപിസം” എന്ന പ്രത്യയശാസ്ത്രത്തിനെതിരായവരുടെ കൂട്ടായ്മയുടെ പ്രതിഷേധമാണിത്. റാലിയിൽ 50,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏകദേശം 5,000 പേരെ പങ്കെടുത്തുള്ളു.
കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം മുതൽ സ്ത്രീകളുടെ അവകാശങ്ങൾ വരെയുള്ള വൈവിധ്യമാർന്ന കാരണങ്ങൾക്കു വേണ്ടിപോരാടുന്ന ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മയാണ് മാർച്ച് സംഘടിപ്പിച്ചത്.