Friday, May 2, 2025
HomeNewsട്രംപിന്റെ അധികാരം ചൈന ഭീതിയോടെ നോക്കുന്നു: അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി ചട്ടങ്ങളിൽ ഇനി പിന്നോട്ട് പോകേണ്ടി...

ട്രംപിന്റെ അധികാരം ചൈന ഭീതിയോടെ നോക്കുന്നു: അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി ചട്ടങ്ങളിൽ ഇനി പിന്നോട്ട് പോകേണ്ടി വരും

അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിയമങ്ങള്‍ ചൈന കടുപ്പിച്ചതോടെ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, സോളാര്‍, ഇലക്ട്രിക് വാഹന കമ്പനികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തെ ഗവേഷക സ്ഥാപനമായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജി.ടി.ആര്‍.ഐ) ആണ് റിപ്പോര്‍ട്ടിന് പിന്നില്‍. ചൈനീസ് നിക്ഷേപത്തിലും വീസാ നിയമങ്ങളിലും ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് മറുപടിയാണ് നീക്കം. ഇന്ത്യക്കെതിരെയുള്ള നിയന്ത്രണം ചൈന പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജി.ടി.ആര്‍.ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു. ഇല്ലെങ്കില്‍ ചൈനയിലെ ഉത്പാദക രംഗത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചൈനീസ് നിയന്ത്രണം ഇന്ത്യന്‍ വ്യവസായങ്ങളെ ബാധിച്ചേക്കുമെന്നാണ് ജി.ടി.ആര്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ പല വ്യവസായങ്ങളും ചൈനയില്‍ നിന്നുള്ള യന്ത്രങ്ങളെയും അസംസ്‌കൃത വസ്തുക്കളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 98.5 ബില്യന്‍ അമേരിക്കന്‍ ഡോളറായിരുന്നു (ഏകദേശം 8.5 ലക്ഷം കോടി രൂപ) ചൈനയില്‍ നിന്നുള്ള ഇറക്കുമതി. തൊട്ടടുത്ത വര്‍ഷം ഇത് 101.73 ബില്യന്‍ ഡോളറായി (ഏകദേശം 8.8 ലക്ഷം കോടി രൂപ) വര്‍ധിച്ചു. എന്നാല്‍ ഇന്ത്യക്കെതിരെ കയറ്റുമതി നിയമങ്ങള്‍ കടുപ്പിച്ചത് ചൈനക്ക് തന്നെ പണിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കയറ്റുമതി സാധ്യമാകാതെ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നത് ചൈനീസ് ഉത്പാദക മേഖലക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

2020ലാണ് ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് നേരിട്ടുള്ള നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അയല്‍രാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടിയിരിക്കണമെന്നാണ് ചട്ടം. ടിക് ടോക് അടക്കമുള്ള ചില ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇ.വി, സോളാര്‍ പാനല്‍, ഇലക്ട്രോണിക്‌സ് രംഗത്തെ ഉയര്‍ന്ന ഗുണമേന്മയുള്ള കംപോണന്റുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. ഇത് ചൈനയെ കൂടുതല്‍ ആശ്രയിക്കുന്നത് കുറക്കുമെന്നും ശക്തമായ വിതരണ ശൃംഖല സ്ഥാപിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ സെല്ലുകള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗാലിയം, ജെര്‍മേനിയം എന്നിവയുടെ കയറ്റുമതിയില്‍ 2023ലാണ് ചൈന നിയന്ത്രണം കൊണ്ടുവരുന്നത്. സെമി കണ്ടക്ടറുകളുടെ ഉത്പാദനത്തിന് സഹായകമായതും പ്രതിരോധ രംഗത്ത് ആവശ്യമായതുമായ ആന്റിമണി കയറ്റുമതി ചെയ്യുന്നത് 2024 ഡിസംബറിലും ചൈന നിരോധിച്ചു. ചിപ്പ് ഉത്പാദക ഉപകരണങ്ങളുടെ കയറ്റുമതി നിരോധിച്ച യു.എസ് നടപടിക്ക് മറുപണിയായിരുന്നു ഇത്. 140 ചൈനീസ് കമ്പനികളെ നിരോധിച്ചതും അതൃപ്തിക്ക് കാരണമായി. ഇ.വി ബാറ്ററി നിര്‍മാണത്തിന് ആവശ്യമായ ലിഥിയം കൂടി 2025ല്‍ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ചേര്‍ക്കുമെന്ന് 2025 ജനുവരിയില്‍ ചൈന വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ ചൈനീസ് കമ്പനികള്‍ക്ക് കയറ്റുമതി തീരുവയും നിയന്ത്രണവും ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3.6 ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ചൈന ലോകവിപണിയിലെത്തിച്ചത്. ട്രംപിന്റെ താരിഫ് പേടിയെ തുടര്‍ന്ന് യു.എസ് കമ്പനികള്‍ ചൈനയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളും മറ്റും പതിവിലും കൂടുതലായി സ്റ്റോക് ചെയ്യുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ഡിസംബറില്‍ ചൈനയില്‍ നിന്ന് യു.എസിലേക്കുള്ള കയറ്റുമതി റെക്കോര്‍ഡ് നമ്പരിലെത്തിയത് യു.എസ് കമ്പനികളുടെ ട്രംപ് പേടിയാണെന്ന ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ട്. ജനുവരി 20ന് സ്ഥാനമേറ്റെടുക്കുന്നതിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 60 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും അത്ര രസത്തില്‍ അല്ലെങ്കിലും ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്റ് ഹാന്‍ സെങ്ങിനെ അയക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിനെ സത്യപ്രതിജ്ഞക്ക് ട്രംപ് ക്ഷണിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments