പ്രയാഗ് : മഹാ കുംഭമേളയിൽ ഞായറാഴ്ച വൻ തീപിടിത്തം. ക്ലാസിക്കൽ പാലത്തിന് താഴെയുള്ള സെക്ടർ 19 ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. 3 ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്ന് സൂചന. നിരവധി പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ട്. ആശുപത്രികളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സംഭവ സ്ഥലത്തേക്ക് നിരവധി ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്.
സെക്ടർ 16ൽ സ്ഥിതി ചെയ്യുന്ന ദിഗംബർ അനി അഖാരയിൽ വൈകിട്ട് നാലോടെ പ്രസാദം ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്താണ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ തീപിടിത്തമുണ്ടായത്. ടെൻ്റുകളിൽ സൂക്ഷിച്ചിരുന്ന മൂന്ന് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.
തീപിടിത്തതിൽ 20 മുതൽ 25 വരെ ടെൻ്റുകളാണ് നശിച്ചത്.ജനത്തിരക്ക് കാരണം അഗ്നിശമന സേനയെത്താൻ സമയമെടുത്തു. മഹാകുംഭമേളയിൽ മുഴുവൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ സെക്ടറുകളിൽ നിന്നുമുള്ള അഗ്നിശമന സേനയുടെ വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് അയയ്ക്കുന്നുണ്ട്.