2030ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി 30 ലക്ഷം തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ മൊറോക്കോ പദ്ധതിയിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ ടൂറിസം മേഖലയുടെ ആകർഷണം വർധിപ്പിക്കാനാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാൻ മൊറോക്കൻ അധികൃതർ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ രീതികൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന വിഷാംശമുള്ള സ്ട്രൈക്നൈൻ ഉപയോഗിച്ച് വിഷം കൊടുക്കൽ, പൊതു ഇടങ്ങളിൽ നായ്ക്കളെ വെടിവയ്ക്കൽ, അതിജീവിച്ച മൃഗങ്ങളെ അടിച്ചുകൊല്ലുക തുടങ്ങിയ രീതികളാണ് പിന്തുടർന്നുവരുന്നത്.
കാംപയിന്റെ ഭാഗമായി 30 ലക്ഷം നായ്ക്കളെ കൊന്നൊടുക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മൃഗക്ഷേമ, സംരക്ഷണ കൂട്ടായ്‌മ മുന്നറിയിപ്പ് നൽകി. കൊലപാതകങ്ങൾ തടയാൻ ഫിഫ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രശസ്ത പ്രൈമറ്റോളജിസ്റ്റും മൃഗാവകാശ അഭിഭാഷകയുമായ ജെയ്ൻ ഗുഡാൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് ചെയ്യപ്പെട്ട ക്രൂരമായ രീതികളെ അപലപിച്ച ഗുഡാൽ മൃഗങ്ങളെ കൊല്ലുന്നത് തുടർന്നാൽ മൊറോക്കോയിലെ ടൂർണമെന്റ് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ഫിഫക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
മൊറോക്കോയിൽ നിലവിലുണ്ടെങ്കിലും, പ്രാദേശിക നിയമപാലകരുടെ ഇടപെടലില്ലാതെ അധികാരികൾ ഈ നടപടികൾ തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024 ആഗസ്റ്റ് മുതല്‍ പട്ടിപിടിത്തം നിർത്തിവെച്ചതായി മൊറോക്കൻ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമാണ്.
ഫിഫ ഇതുവരെ ഈ വിഷയത്തിൽ ഒരു ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയിട്ടില്ല. മൊറോക്കോയിലെ സ്ഥിതിഗതികൾ സംഘടന സൂക്ഷ്മമായി നിരീക്ഷിക്കുകയും നിർദ്ദിഷ്ട ലോകകപ്പ് വേദികളുടെ സൈറ്റ് പരിശോധനകൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.
ഫിഫാ ലോകകപ്പിന്‍റെ 100–ാം വാര്‍ഷികമായ 2030 തില്‍ സ്പെയിനും പോര്‍ച്ചുഗലും മൊറോക്കോയും ചേര്‍ന്നാണ് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വേദികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൊറോക്കോ ഇതിനോടകം ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

