Saturday, July 5, 2025
HomeAmericaഅമേരിക്കൻ ജനതയുടെ പുത്തൻ പരിഷ്കാരങ്ങൾക്കും പ്രതീക്ഷകൾക്കു മായി ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ ക്യാപിറ്റോളിൽ

അമേരിക്കൻ ജനതയുടെ പുത്തൻ പരിഷ്കാരങ്ങൾക്കും പ്രതീക്ഷകൾക്കു മായി ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ ക്യാപിറ്റോളിൽ

വാഷിങ്ടൺ : യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ അധികാരമേൽക്കും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ ഇന്ത്യൻ സമയം 10:30നാണ് സ്ഥാനാരോഹണ ചടങ്ങ്.

സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ഡൊണാൾഡ് ട്രംപ് കുടുംബത്തോടൊപ്പം ഇന്നലെ വാഷിംഗ്ടൺ ഡി.സിയിലെത്തി. ശനിയാഴ്ച വൈകുന്നേരം 4:30ന് പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഭാര്യ മെലാനിയ, മകൻ ബാരൺ എന്നിവർക്കൊപ്പം ബോയിംഗ് 757-200 എന്ന പ്രതേക വിമാനത്തിലായിരുന്നു യാത്ര.

ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് കടുത്ത തണുപ്പ് മൂലം ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലായിരിക്കും നടക്കുക. ഞായറാഴ്ച രാത്രി വാഷിങ്ടൺ ഡിസിയിലൂടെ അതിശക്തമായ കാറ്റ് വീശുമെന്നും താപനില ഗണ്യമായി കുറയ്ക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉദ്ഘാടന ദിവസം അർദ്ധരാത്രിയിൽ, താപനില ഏകദേശം 25°F (-4 ഡിഗ്രി) ആയിരിക്കുമെങ്കിലും ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടക്കുമ്പോൾ താപനില -7 ഡി​ഗ്രിയിലേക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്.

ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൻ, ജോർജ് ബുഷ്, ബറാക് ഒബാമ എന്നിവരും ഹിലാരി ക്ലിന്റൻ, മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, വമ്പൻ വ്യവസായികളായ ടെസ്‌ല സിഇഒ ഇലോൺ മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ സിഇഒ മാർക് സക്കർബർഗ്, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺ എഐ സിഇഒ സാം ആൾട്മാൻ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ എന്നിവരും സിൽവസ്റ്റർ സ്റ്റാലൻ അടക്കമുള്ള നടന്മാർ, ഗായകർ, കായികതാരങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ്യകാര്യ മന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും. ഇവരോടൊപ്പം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ചടങ്ങിലുണ്ടാകും. ജോ ബൈഡനും ഭാര്യ ജില്ലും ട്രംപിനായി ചായ സൽക്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ ബൈഡൻ പ്രസിഡന്റായപ്പോൾ സ്ഥാനാരോഹണചടങ്ങിൽ ട്രംപ് പങ്കെടുത്തിരുന്നില്ല.

അതേസമയം, മുൻ പ്രഥമ വനിതയും ബറാക് ഒബാമയുടെ ഭാര്യയുമായ മിഷേൽ ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി എന്നിവർ പങ്കെടുക്കില്ലെന്നും വിവരങ്ങളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments