തൃശൂർ: കേരള കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്ത അധ്യാപകനായി ചുമതലയേറ്റെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആർ എല്‍ വി രാമകൃഷ്ണന്‍. ഭരതനാട്യത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. ഇന്ന് സർവ്വകലാശാല ആസ്ഥാനത്ത് എത്തിയ അദ്ദേഹം അധ്യാപകനായി ചുമതലയേറ്റെടുത്തു. യു ജി സി നിര്‍ദ്ദേശപ്രകാരം രണ്ട് മാസം മുന്‍പ് വന്ന ഒഴിവിലേക്ക് ആർ എല്‍ വി രാമകൃഷ്ണന്‍ അപേക്ഷിക്കുകയായിരുന്നു.
യോഗ്യത പരീക്ഷയും അഭിമുഖവും നടത്തി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒന്നാമനായിരുന്നു രാമകൃഷ്ണന്‍. നേരത്തെ കലാമണ്ഡലത്തിന്റെ തുടക്കത്തില്‍ ചെന്നൈയില്‍നിന്നുള്ള എ ആര്‍ ആര്‍ ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവർ അധ്യാപകരായിട്ടുണ്ടായിരുന്നു. അവർക്ക് ശേഷം നൃത്ത വിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ആർ എല്‍ വി രാമകൃഷ്ണന്‍. കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായിട്ടാണ് കണക്കാക്കുന്നതെന്നും ഈ നേട്ടം കാണാന്‍ ജേഷ്ഠ്യന്‍ കലാഭവന്‍ ഇല്ലാത്തത് സന്തോഷത്തിനിടയിലെ ദുഃഖമാണെന്നും ആർ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു .
‘പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ് ഈ ഒരു നിമിഷത്തിലുള്ളത്. ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് ഒടുവിലാണ് ഇത്തരമൊരു അംഗീകാരം ലഭിച്ചത്. കലാമണ്ഡലത്തിന്റെ തുടക്കകാലത്ത് തമിഴ്നാട്ടില്‍ നിന്നുള്ള എ ആര്‍ ആര്‍ ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവർക്ക് ശേഷം നൃത്തവിഭാഗത്തില്‍ ജോലി ലഭിക്കുന്ന ആദ്യ അധ്യാപകനാണ് ഞാന്‍. അതിനെ വളരെ സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത്’ – ആർ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു.