ബംഗളൂരു: എ.ടി.എമ്മിൽ നിറക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി 93 ലക്ഷം രൂപ കവർന്നു. എസ്.ബി. ഐയുടെ എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണമാണ് കവര്‍ന്നത്. രണ്ട് സെക്യൂരിറ്റി ജീവനക്കാരും തൽക്ഷണം മരിച്ചു.
കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. ഗിരി വെങ്കടേഷ് ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം മോഷ്ടാക്കൾ പണവുമായി കടന്നുകളയുകയായിരുന്നു.
തിരക്കുള്ള ശിവാജി ചൗക്കിലെ എ.ടി.എമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ മോഷ്ടാക്കൾ നിറയൊഴിച്ചത്. മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്