വാഷിങ്ടൺ: അധികാരത്തിൽ നിന്ന് പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളെ ബൈഡന്‍ രൂക്ഷമായി വിമര്‍ശിച്ചു. ചൈനയ്ക്ക് ഒരു തരത്തിലും അമേരിക്കയെ മറികടക്കാനാകില്ലെന്നും അമേരിക്ക ലോകത്തിലെ സൂപ്പര്‍പവറായി നിലനില്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ഇസ്രയേല്‍-ഹമാസ് കരാര്‍ അന്തിമഘട്ടത്തിലാണെന്നും ബൈഡൻ പറഞ്ഞു.
നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ബൈഡൻ രൂക്ഷമായി വിമർശിച്ചു. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് താനെത്തുമ്പോള്‍ തകര്‍ന്ന് തരിപ്പണമായിരുന്ന അമേരിക്കയുടെ വിദേശബന്ധങ്ങള്‍ പുനര്‍നിര്‍മിച്ചത് തന്റെ സര്‍ക്കാരാണെന്ന് ബൈഡന്‍ പറഞ്ഞു. ഇപ്പോള്‍ അമേരിക്കയും സഖ്യകക്ഷികളും ശക്തരാണ്. എതിരാളികള്‍ ദുര്‍ബലരാണ്. നാറ്റോ സഖ്യവും ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും അമേരിക്ക കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ അമേരിക്കക്ക് നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. മാനവികത, സാങ്കേതികവിദ്യ, സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ വെല്ലുവിളികൾ നേരിട്ടു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ചു. വെല്ലുവിളികള്‍ക്കിടയിലും താന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ അമേരിക്കയ്ക്ക് ആഭ്യന്തരതലത്തിലും ലോകത്തിന് മുന്നിലും കരുത്ത് കാട്ടാന്‍ സാധിച്ചെന്നും ബൈഡന്‍ പറഞ്ഞു.
കൂടുതൽ ശക്തമായ യുഎസിനെയാണ് 2025ൽ ട്രംപിന് കൈമാറുന്നതെന്ന് ബൈഡൻ പറഞ്ഞു. ശീതയുദ്ധാനന്തരയുഗം അവസാനിച്ചുവെന്നും ഇതൊരു പുതിയ യുഗമാണെന്നും ബൈഡൻ പ്രസംഗത്തിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സൈന്യത്തിൻ്റെ പിൻമാറ്റത്തെ ബൈഡൻ പ്രതിരോധിച്ചു. ട്രംപിൻ്റെ ആദ്യസർക്കാരിൻ്റെ കാലയളവിലാണ് വിഷയത്തിൽ താലിബാനുമായി കരാറിലെത്തിയത്.
അധികാരത്തിലേക്ക് എത്തിയപ്പോൾ തനിക്ക് മുന്നിൽ രണ്ട് ഓപ്ഷൻ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആയിരക്കണക്കിന് യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനിൽ നിലനിർത്തുന്നതിന് താൻ ഒരു കാരണവും കണ്ടില്ലെന്നും ബൈഡൻ പറഞ്ഞു. ഗാസ വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന വലിയ വിമർശനങ്ങളിലും ബൈഡൻ നിലപാട് വ്യക്തമാക്കി. നിഷ്കളങ്കരായ നിരവധി പേർ ഗാസയിൽ കൊല്ലപ്പെടുന്നുവെന്നും പലസ്തീൻ ജനത സമാധാനം അർഹിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.
യുക്രെയ്നെ പിന്തുണയ്ക്കുന്ന നിലപാടിനെയും ബൈഡൻ ഉയർത്തിക്കാട്ടി. ട്രംപ് പിൻമാറിയ പാരിസ് കാലാവസ്ഥാ കരാറിൽ വീണ്ടും യുഎസ് ഭാഗമായി. ആദ്യ ട്രംപ് സർക്കാരിനെ അപേക്ഷിച്ച് യുഎസ് നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തിയെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.