കൊച്ചി: ലൈംഗികാധിക്ഷേപത്തിന് നടി ഹണി റോസ് നല്‍കിയ കേസില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതെ ബോബി ചെമ്മണ്ണൂര്‍. ഇതോടെ കാക്കനാട് ജില്ലാ ജയിലിന് പുറത്ത് അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങും എന്ന് കരുതി ആരാധകരായ നിരവധി പേര്‍ ജയിലിന് മുന്നില്‍ സ്വീകരണവുമായി എത്തിയിരുന്നു.
ബോബി ജാമ്യ ബോണ്ട് ഒപ്പിടാത്തതിനാൽ കോടതി ഉത്തരവ് ഇതുവരെ ജയിലിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചതായാണ് വിവരം. സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അവർക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താൻ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.
ബോബി ചെമ്മണ്ണൂരിനെ ഇന്ന് പുറത്തിറക്കാത്തിന് പിന്നില്‍ ഗൂഢാലോചനയാണ് എന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ജയില്‍ വിടാന്‍ ബോബി ചെമ്മണ്ണൂര്‍ സ്വയം തയ്യാറാവാതിരിക്കുകയാണ് എന്നാണ് വിവരം. ഇന്ന് പുറത്തിറങ്ങുന്നില്ലെന്ന് വ്യക്തമാക്കിയ ബോബി ചെമ്മണ്ണൂര്‍ ജാമ്യബോണ്ടില്‍ ഒപ്പുവെച്ചിട്ടില്ല.
കാക്കനാട് ജയിലില്‍ ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ കഴിയുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ന് പുറത്തിറങ്ങേണ്ട എന്ന തീരുമാനം ബോബി ചെമ്മണ്ണൂര്‍ എടുത്തിരിക്കുന്നത്. ഇവര്‍ ജാമ്യം ലഭിക്കുമ്പോള്‍ മാത്രമേ താനും ജയിലില്‍ നിന്ന് പുറത്തിറങ്ങൂ എന്ന് അഭിഭാഷകരെ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ബോബി ചെമ്മണ്ണൂര്‍ 6 ദിവസമാണ് കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞത്. അറസ്റ്റിലായ ദിവസവും പിറ്റേന്നും ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല. പോലീസ് കസ്റ്റഡി അപേക്ഷ നല്‍കാത്ത പശ്ചാത്തലത്തില്‍ ഇന്ന് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചു. ജയിലില്‍ മോഷണക്കേസ് പ്രതികള്‍ക്കും ലഹരിക്കേസ് പ്രതികള്‍ക്കും ഒപ്പമായിരുന്നു ബോബി 6 ദിവസം കഴിഞ്ഞത്.
ബോബി ചെമ്മണ്ണൂരിന് പിന്തുണയുമായി സ്ത്രീകള്‍ അടക്കം നിരവധി പേരാണ് ജയിലിന് മുന്നില്‍ വൈകിട്ടോടെ എത്തിയത്. ബോബി ഇന്ന് പുറത്തിറങ്ങില്ല എന്ന വിവരം വന്നതോടെ ഇവരെ ജയില്‍ പരിസരത്ത് നിന്ന് നീക്കിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെ മനപ്പൂര്‍വ്വമാണ് പുറത്ത് ഇറക്കാത്തത് എന്നും ഇതിന് പിന്നില്‍ ഗൂഢശക്തി ഉണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ബോബി തീവ്രവാദി അല്ലെന്നും ദ്വയാര്‍ത്ഥ പ്രയോഗത്തിന്റെ പേരില്‍ അദ്ദേഹത്തെ ദ്രോഹിക്കുകയാണെന്നും ഇത് തങ്ങള്‍ ആരാധകര്‍ സമ്മതിക്കില്ലെന്നും ഇവര്‍ പറയുന്നു.
ഓര്‍ഡറില്‍ സീല്‍ വെക്കാന്‍ വിട്ട് പോയത് കൊണ്ടാണ് ബോബി ചെമ്മണ്ണൂരിനെ ഇന്ന് പുറത്തിറക്കാന്‍ സാധിക്കാത്തത് എന്നാണ് തങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത് എന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറയുന്നു. സീല്‍ വെക്കാനായി പോയെങ്കിലും ഓഫീസ് അടച്ചിരുന്നു എന്ന് പറയുന്നു. ഇത് ഖേദകരമാണ്, മനപ്പൂര്‍വ്വം എന്തൊക്കെയോ കളി നടക്കുന്നു എന്നും അജിത് കുമാര്‍ ആരോപിച്ചു.