ന്യൂയോര്‍ക്ക്: ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോകിന് അമേരിക്കയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യുഎസിലെ ടിക് ടോക്ക് പ്രവര്‍ത്തനങ്ങള്‍ ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന് വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ എക്‌സ്, ചൈനീസ് ഉടമയായ ബൈറ്റ്ഡാന്‍സില്‍ നിന്ന് ടിക് ടോക്ക് വാങ്ങി എക്‌സ് പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുമെന്നും വിവരമുണ്ട്. ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങളുടെ മൂല്യം 40 മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെയാണ്.ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോണ്‍ മസ്‌ക് ഇത്തരമൊരു ഇടപാട് എങ്ങനെ നടത്തുമെന്നോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
ടിക് ടോക്കിന്റെ ബൈറ്റ് ഡാന്‍സ് ഒന്നുകില്‍ ജനപ്രിയ പ്ലാറ്റ്ഫോം വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന് യുഎസ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു. ഏതെങ്കിലും യുഎസ് കമ്പനി ഏറ്റെടുത്തില്ലെങ്കില്‍ ടിക് ടോക്ക് പൂര്‍ണമായി നിരോധിയ്ക്കുമെന്നതാണ് നിലവിലെ സ്ഥിതി.