Wednesday, January 15, 2025
HomeNewsപൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു: സായുജ്യം അണഞ്ഞ് ഭക്തലക്ഷങ്ങൾ

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു: സായുജ്യം അണഞ്ഞ് ഭക്തലക്ഷങ്ങൾ

ശബരിമല: വ്രതനിഷ്ഠരായെത്തിയ ഭക്തരുടെ മനംനിറച്ച് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ഭക്തലക്ഷങ്ങൾ ശബരിമലയിൽ തിരുവാഭരണവിഭൂഷിതനായ, കലിയുഗവരദനായ അയ്യപ്പനെ തൊഴുത്, മകരജ്യോതി ദര്‍ശിച്ച് സായൂജ്യമടഞ്ഞു. വൈകീട്ട് 6.45-ഓടെയാണ് പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞത്. സന്നിധാത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരിബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍, തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു, തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് തിരുവാഭരണപേടകം ശ്രീകോവിലിലേക്ക് കൊണ്ടുപോയത്. പിന്നാലെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന നടന്നു. ഈസമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമായിരുന്നു.

ഭക്തരുടെ സുരക്ഷയ്ക്കായി പോലീസും വനംവകുപ്പും ആര്‍.എ.എഫും മറ്റുവകുപ്പുകളും ചേര്‍ന്ന് വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മടക്കയാത്രയ്ക്ക് തിരക്ക് കൂട്ടുകയും ചെയ്യരുത്, ഇത് അപകടത്തിന് വഴിവെച്ചേക്കാമെന്നും അതിനാല്‍ പോലീസിന്റെ നിര്‍ദേശംപാലിച്ച് മലയിറങ്ങണമെന്നും പോലീസിന്റെ നിര്‍ദേശം ഉണ്ടായിരുന്നു. ഭഗവാനെ തൊഴുതിട്ട്, മകരവിളക്കിനായി സന്നിധാനത്ത് തുടരുന്ന ഭക്തര്‍ വിളക്കുകണ്ടശേഷം വീണ്ടും ഭഗവത് ദര്‍ശനത്തിന് ശ്രമിക്കരുതെന്നും നേരത്തേ നിര്‍ദേശമുണ്ടായിരുന്നു.

15 മുതല്‍ 17 വരെ തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ടുതൊഴാം. 18-ന് കളഭാഭിഷേകം ഉണ്ട്. 19-ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് ഉത്സവം സമാപിക്കും. മകരസംക്രമ മുഹൂര്‍ത്തമായ ചൊവ്വാഴ്ച രാവിലെ 8.45-ന് മകരസംക്രമപൂജ നടന്നിരുന്നു. കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് എത്തിക്കുന്ന നെയ്യാണ് ആദ്യം അഭിഷേകംചെയ്തത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments