Tuesday, January 14, 2025
HomeAmericaലോസ് ആഞ്ജലിസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാൻ സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനവും

ലോസ് ആഞ്ജലിസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാൻ സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനവും

ലോസ് ആഞ്ജലിസ്: യു.എസ്. ലോസ് ആഞ്ജലിസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള പരിശ്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുന്നേറുകയാണ്. തീയണയ്ക്കാനുള്ള യു.എസ്. അഗ്നിരക്ഷാ സേനയുടെ ഏറ്റവും ശക്തനായ പോരാളിയാവുകയാണ് കാനഡയില്‍ നിന്ന് എത്തിച്ച സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനം. ഒരേസമയം കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനമാണ് സൂപ്പര്‍ സ്‌കൂപ്പറുകള്‍.

കാട്ടുതീ അണയ്ക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ളതാണ് സി.എല്‍.-415 എന്ന ഈ വിമാനം. ലോസ് ആഞ്ജലിസില്‍ എത്തിയിരിക്കുന്ന സൂപ്പര്‍ സ്‌കൂപ്പര്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 16,000 ഗാലണ്‍ വെള്ളമാണ് തീപടരുന്ന പ്രദേശങ്ങള്‍ക്ക് മുകളില്‍ തളിക്കുന്നത്. ഹെലികോപ്ടറുകളെക്കാളും എയര്‍ ടാങ്കറുകളെക്കാളും പ്രവര്‍ത്തന ക്ഷമതയും എളുപ്പവുമാണ് സൂപ്പര്‍ സ്‌കൂപ്പറിന്റെ പ്രവര്‍ത്തനം.

ജലാശയങ്ങളില്‍ അടിഭാഗം മുട്ടുംവിധം താഴ്ന്നുപറന്ന്, ടാങ്കുകളില്‍ വലിയതോതില്‍ വെള്ളം നിറച്ച്, പ്രത്യേകതരം പതയുമായി കൂട്ടിക്കലര്‍ത്തി തീയുള്ള പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പറന്ന്, ഈ വെള്ളം വലിയ അളവില്‍ താഴേക്ക് തളിക്കുന്നതാണ് സൂപ്പര്‍ സ്‌കൂപ്പറിന്റെ രീതി. ജലാശയങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വിമാനത്തിന്റെ വേഗതയ്ക്ക് അനുസൃതമായാണ് എതിര്‍ദിശയില്‍ ഘടിപ്പിച്ചിട്ടുള്ള ടാങ്കുകളിലേക്ക് വെള്ളം നിറയുന്നത്.

അതായത്, ജലാശയത്തിന് മുകളിലൂടെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് സൂപ്പര്‍ സ്‌കൂപ്പര്‍ സഞ്ചരിക്കുക. ഈ വേഗതയ്ക്ക് അനുസൃതമായാണ് വിമാനത്തിലെ ടാങ്കുകളില്‍ വെള്ളം നിറയുക. ഹെലികോപ്ടറുകളെയോ എയര്‍ ടാങ്കറുകളെ പോലെയോ സൂപ്പര്‍ സ്‌കൂപ്പറിന് എവിടെയും വിമാനം ലാന്‍ഡ് ചെയ്യിക്കേണ്ടി വരുന്നില്ല. പറക്കലിന്റെ ഇടയില്‍ തന്നെ വെള്ളം നിറയ്ക്കലും, അതും മറ്റുള്ളവയേക്കാള്‍ വേഗത്തിലും കൂടുതലും നടക്കുന്നു.

ടാങ്ക് നിറയ്ക്കാന്‍, അതായത്, 16,000 ഗാലണ്‍ വെള്ളം നിറയ്ക്കാന്‍ 12 സെക്കന്‍ഡ് മതിയാവും സൂപ്പര്‍ സ്‌കൂപ്പറിന്. ഇതുകൂടാതെ ഹോസ് ഉപയോഗിച്ചും വെള്ളം നിറയ്ക്കാം. ടാങ്ക് നിറച്ചാല്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് തീപിടിച്ച ഇടത്തെത്തും. ഒറ്റയടിയ്‌ക്കോ, നാല് ഡോറുകള്‍ വഴി വിവിധ ഘട്ടങ്ങളിലൂടെയോ പൈലറ്റിന് വെള്ളം തളിക്കാം. അതുകൊണ്ടുതന്നെ, കാട്ടുതീ അണയ്ക്കുന്നതിന് ഏറ്റവും ഫലവത്തായ മാര്‍ഗമാണ് സൂപ്പര്‍ സ്‌കൂപ്പറുകളുടെ ഉപയോഗം എന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments