Tuesday, January 14, 2025
HomeGulfറേസിങ് ട്രാക്കിലേക്ക് തിരിച്ചുവരവ് ​ഗംഭീരമാക്കി തമിഴ് സൂപ്പർതാരം അജിത് കുമാർ

റേസിങ് ട്രാക്കിലേക്ക് തിരിച്ചുവരവ് ​ഗംഭീരമാക്കി തമിഴ് സൂപ്പർതാരം അജിത് കുമാർ

ദുബായ് : വർഷങ്ങൾക്ക് ശേഷമുള്ള റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ​ഗംഭീരമാക്കി തമിഴ് സൂപ്പർതാരം അജിത് കുമാർ. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ താരം മൂന്നാമതായി ഫിനിഷ് ചെയ്തു. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാല്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ട്രാക്കിലെ വിജയത്തോടെ താരം ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

അജിത് 24 എച്ച് ദുബായ് റേസിങ്ങില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത വിവരം അജിത്തിന്റെ മാനേജര്‍ എക്‌സിലൂടെയാണ് അറിയിച്ചത്. 991 വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയതായും അപകടത്തിനുശേഷമുള്ള ഉജ്ജ്വലതിരിച്ചുവരവെന്നും അദ്ദേഹം കുറിച്ചു. വിജയത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്. മകനെ കെട്ടിപ്പിടിക്കുന്നതും ഭാര്യയും നടിയുമായ ശാലിനിയെ ചുംബിക്കുന്നതും വീഡിയോയിലുണ്ട്. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്.

നേരത്തേ റേസിങ് പരിശീലനത്തിനിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍പെട്ടത്. ദുബായ് എയറോഡ്രോമില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പെടുമ്പോള്‍ അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയിരുന്നു. അതിവേഗത്തില്‍ ചീറിപ്പായുമ്പോള്‍ കാര്‍ ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. മുന്‍വശം തകര്‍ന്ന കാര്‍, പലതവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെത്തി അജിത്തിനെ പുറത്തിറക്കി.

2002-ല്‍ റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു. 2003-ല്‍, ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തു. 2004-ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3-ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കുറച്ചുകാലം കാത്തിരുന്ന് പിന്നീട് 2010-ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ അപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ.റേസിങ് താരം മാത്രമല്ല, ‘അജിത് കുമാര്‍ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയക്‌സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോര്‍ഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments