ജർമ്മനി : ജോലിക്കാരനായിരിക്കെ രോഗം വന്നാല്‍ അവധി എടുക്കാതെ നിവര്‍ത്തിയില്ല. എന്നാല്‍, ജീവനക്കാരുടെ ഈ രോഗാവധികൾ ജോലി ചെയ്യാതിരിക്കാനുള്ള ഒരു ഒഴിവ് കഴിവാണോയെന്ന് സംശയത്തിലാണ് ജർമ്മന്‍ കമ്പനികൾ. ഇത് പരിശോധിക്കാനായി ജർമ്മന്‍ കമ്പനികൾ സ്വകാര്യ ഡിറ്റക്ടീവുകളെ നിയമക്കുകയാണ്. ഉൽപാദനക്ഷമമല്ലാത്ത തൊഴിലാളികളെ കണ്ടെത്താനുള്ള ഒരു മാർഗമായി ഇതിനെ പലരും കണക്കാക്കുന്നുവെന്നതിനാല്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഇതുസംബന്ധിച്ച് നടക്കുന്നത്.
ഫ്രാങ്ക്ഫർട്ടിലെ സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയായ ലെന്‍റസ് ഗ്രൂപ്പിന്‍റെ സ്ഥാപകൻ മാർക്കസ് ലെന്‍റ്സ് പറയുന്നത് തങ്ങളുടെ കമ്പനി ഇത്തരത്തിലുള്ള 1200 ഓളം കേസുകൾ കൈകര്യം ചെയ്യുന്നുണ്ടെന്നാണ്.
കൊവിഡ് കാലത്തിന് പിന്നാലെയാണ് ജീവനക്കാരില്‍ രോഗാവധി ദിവസങ്ങള്‍ കൂടുതലായി രേഖപ്പെടുത്തിയത്. ഈ സമയത്ത് രാജ്യത്തെ മെഡിക്കൽ സർട്ടിഫിക്കേഷൻ നയങ്ങളില്‍ വലിയ തോതില്‍ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് നേരിയ രോഗ ലക്ഷണങ്ങൾ ഉള്ള ജീവനക്കാർക്ക് ഫോണിലൂടെ രോഗാവധി നേടാൻ കഴിയും.
കൊവിഡ് വ്യാപന സമയത്ത് ഇത് ഉപകാരപ്രദമായിരുന്നെങ്കിലും അതിന് പിന്നാലെ ജീവനക്കാരില്‍ പലരും ഈ പഴുതുപയോഗിച്ച് നിരന്തരം അവധികളില്‍ പോയി. ഇതോടെയാണ് ജീവനക്കാരുടെ രോഗവധി യാഥാർത്ഥ്യമാണോ എന്നറിയാന്‍ സ്വകാര്യ ഡിറ്റക്റ്റീവുകളെ നിയമിക്കാന്‍ ജർമ്മന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.
ജർമ്മന്‍ തൊഴില്‍ നിയമപ്രകാരം രോഗാവധിയിലുള്ള ജീവനക്കാർക്ക് പ്രതിവർഷം ആറാഴ്ച വരെ മുഴുവൻ ശമ്പളത്തിനും അർഹതയുണ്ട്. ഇതിന് ശേഷം ആരോഗ്യ ഇൻഷുറൻസ് രോഗ ആനുകൂല്യങ്ങളില്‍ സാമ്പത്തികമായി സഹായം നല്‍കുന്നു. ഈ സാമ്പത്തിക ഭാരം പല കമ്പനികളെയും സ്വകാര്യ
ഡിറ്റക്ടീവുകളെ നിയമിക്കാൻ പ്രേരിപ്പിച്ചു. ഡിറ്റക്ടീവുകൾക്ക് വലിയ തുകയാകുമെങ്കിലും അത് ഇത്രയും വരില്ലെന്നാണ് കമ്പനികളും പറയുന്നത്. എന്നാല്‍, രോഗാവധി എടുത്ത് മുങ്ങുന്ന നിരവധി ജീവനക്കാരുണ്ടെങ്കിലും ഇവരെ പിരിച്ച് വിടാന്‍ ജർമ്മന്‍ തൊഴിൽ നിയമങ്ങള്‍ സമ്മതിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പകരം അവധി ഒഴിവാക്കുകയോ, ശമ്പളം നിഷേധിക്കുകയോ ചെയ്യാമെന്ന് മാത്രം.