കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യഹർജി തള്ളി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ ഉയർന്നുവന്നത് വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയർത്തിയത്.
നടിയുടെ ശരീരത്തിൽ സ്പർശിച്ചു എന്നുപറയുന്നത് തെറ്റാണ്. സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജ്വല്ലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നതെന്നും ബോബി ചെമ്മണ്ണൂരിന്‍റെ അഭിഭാഷകൻ വാദിച്ചു.
പ്രതി നടിയെ നിരന്തരമായി അവഹേളിക്കുന്ന സമീപനമാണു തുടരുന്നത്. ബോബിയുടെ ഫോൺ പരിശോധിക്കണം. പരാതിക്കാരിയെ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തുന്നതിന്റെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ജാമ്യാപേക്ഷ തള്ളി ജയിലിലാകുമെന്നുള്ള ‘വിധി’ കേട്ടതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബിയെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ജയിലിലെത്തിച്ചത്. ആശുപത്രിയിലും വഴിയിലും പ്രതിഷേധവുമായി ബോബിയുടെ അനുയായികൾ രംഗത്തെത്തിയിരുന്നു. ബോചെയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയ വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് ബോബി ചെമ്മണ്ണൂരിന്‍റെ അഭിഭാഷകർ അറിയിച്ചു.
ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിൽ രാത്രി എട്ട് മണിയോടെയാണ് എത്തിച്ചത്. ശേഷം കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ ലോക്കപ്പിൽ കഴിഞ്ഞ ബോചെയെ ഇന്ന് 12 മണിയോടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള അസോസിയേറ്റ്സാണ് കോടതിയിൽ ഹാജരായത്. കുറ്റം ചെയ്തിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി പൊലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. തുടർന്ന് ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.