മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ജനുവരി എട്ടിന് വൈകുന്നേരം ആറ് മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത് 24 മണിക്കൂർ പോലും തികയുന്നതിനു മുൻപ് യൂട്യൂബിൽ നിന്ന് ഒരു മില്യണിൽ അധികം കാഴ്‌ചക്കരെയും നേടി ട്രെൻഡിങ് ആയിരിക്കുകയാണ് ഈ ട്രെയിലർ. മികച്ച പ്രേക്ഷക പ്രശംസയാണ് ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രെയിലർ പ്രേക്ഷകർക്ക് നൽകുന്നത്. ട്രെയിലറിലെ മമ്മൂട്ടിയുടെ ഡയലോഗുകളെല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 2025 ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.