കൊച്ചി: അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു. എന്ന് പരാതി നൽകിയ ശേഷം ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തനിക്കെതിരേ ഒരാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്.
https://www.instagram.com/p/DEhdqZYvJog/?igsh=MWh6dGluc2JqYm9mOA==
കുറിപ്പിന് പിന്നാലെ നടന്ന സൈബര്‍ ആക്രമണത്തില്‍ ഹണി റോസ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പോലീസ് മൊഴി രേഖപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈബര്‍ ആക്രമണത്തിനെതിരേയും ഹണി റോസ് ശക്തമായി നിലപാട് വ്യക്തമാക്കി രംഗത്തെത്തി.
ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായതോ സര്‍ഗാത്മകമായതോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു റീസണബിള്‍ റസ്ട്രിക്ഷന്‍ വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരേ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണിറോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നാണ് ഹണി റോസ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.