Wednesday, January 8, 2025
HomeAmericaകൈരളി ഓഫ് ബാൾട്ടിമോർ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ വർണാഭമായി

കൈരളി ഓഫ് ബാൾട്ടിമോർ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ വർണാഭമായി

ബാൾട്ടിമോർ, മേരിലാൻഡ് : കൈരളി ഓഫ് ബാൾട്ടിമോർ (KOB) മേരിലാൻഡിലെ ഹോവാർഡ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ക്രിസ്‌തുമസ് പുതുവത്സര ആഘോഷങ്ങൾ വർണാഭമായി. ആട്ടവും പാട്ടുമായി മധുരം പങ്കുവച്ച് നിരവധി ആളുകൾ ആഘോഷത്തിൻ്റെ ഭാഗമായി.

ജനറൽ ബോഡി യോഗത്തോടെയാണ് ഇവൻ്റ് ആരംഭിച്ചത്. കെ.ഒ.ബി 2024 റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്, കെ.ഒ.ബി എൻ്റർടൈൻമെൻ്റ് കമ്മിറ്റി ചെയർമാനായ ഡോ. ജോസ്‌നി സഖറിയയുടെ ഊഷ്മളമായ സ്വാഗത പ്രസംഗത്തോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. തൃഷ ടോംസി യു.എസ് ദേശീയഗാനം ആലപിച്ചു. വോയ്‌സ് ഓഫ് ക്രിസ്‌തുമസിൻ്റെ ചടുലമായ നൃത്തങ്ങളും ശ്രുതിമധുരമായ ക്രിസ്‌തുമസ് കരോളുകൾ തുടങ്ങിയ കലാ പ്രകടനങ്ങളുടെ ആകർഷകമായ അവതരണം നടന്നു.

ബാൾട്ടിമോർ സെൻ്റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിലെ വൈദികൻ ഡോ.ജോസി കൊല്ലംപറമ്പിൽ ഹൃദയസ്പർശിയായ ക്രിസ്മസ് സന്ദേശം നൽകി. 2024-ലെ കെ.ഒ. ബി പ്രസിഡൻ്റ് ഡോ. അൽഫോൻസ റഹ്‌മാൻ, സംഘടനയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും കമ്മിറ്റി അംഗങ്ങൾ, സ്‌പോൺസർമാർ, കുടുംബാംഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സെക്രട്ടറി ബെറ്റിന ഷാജു, എൻ്റർടൈൻമെൻ്റ് ചെയർ ഡോ. ജോസ്‌നി സഖറിയ, വെബ്‌സൈറ്റ് ആൻഡ് ടെക്‌നോളജി ചെയർ ജോമി ജോർജ്, ട്രഷറർ രാജൻ എബ്രഹാം, സുവനീർ കമ്മിറ്റി ചെയർ സബീന നാസർ, വിമൻസ് ഫോറം ചെയർ ഡോ. സൂര്യ ചാക്കോ എന്നിവർക്ക് സേവന മികവിനുള്ള പ്രസിഡൻഷ്യൽ പുരസ്കാരം സമ്മാനിച്ചു.
ബ്ലഡ് ഡോണർ അവാർഡ് തോമസ് വിതയത്തിലിനും
ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ബെന്നി തോമസിനും സമ്മാനിച്ചു.

ആഘോഷങ്ങളിൽ സാന്താക്ലോസ് ഘോഷയാത്ര ശ്രദ്ധേയമായി. എല്ലാ പ്രായത്തിലുമുള്ള അംഗങ്ങളെയും സന്തോഷിപ്പിക്കുന്ന കലാപ്രകടനങ്ങളാണ് അരങ്ങേറിയത്.

അഡൈ്വസറി ബോർഡ് ചെയർ ജോയ് കൂടാളിയുടെ നേതൃത്വത്തിൽ, അംഗങ്ങളായ ടിസൺ തോമസ്, ജോൺസൺ കാടംകുളത്തിൽ എന്നിവരുടെ പിന്തുണയോടെ കെഒബിയുടെ 2025 എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് മൈജോ മൈക്കിൾസ് 2024 ടീമിന് നന്ദി പറയുകയും വരാനിരിക്കുന്ന വർഷത്തേക്കുള്ള തൻ്റെ കാഴ്ചപ്പാട് പങ്കുവെക്കുകയും ചെയ്തു. വൈസ് പ്രസിഡൻ്റ് ഓസ്റ്റിൻ ആലുവത്തിങ്കൽ, സെക്രട്ടറി റോഷിത പോൾ, ട്രഷറർ മരിയ ആശിഷ്, ജോയിൻ്റ് സെക്രട്ടറി ഡോ. സൂര്യ ചാക്കോ, ജോയിൻ്റ് ട്രഷറർ ബിജോ തോമസ് എന്നിവരുൾപ്പെടെ 2025 എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ അദ്ദേഹം പരിചയപ്പെടുത്തി. 2026-ലെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ലെൻജി ജേക്കബ്, എക്‌സ്-ഓഫീഷ്യോ ഡോ. അൽഫോൻസ റഹ്മാൻ എന്നിവരെയും അദ്ദേഹം പരിചയപ്പെടുത്തി. കെ. ഒ.ബി 2025 സെക്രട്ടറി, റോഷിത പോൾ ടീമിലെ മറ്റുള്ള അംഗങ്ങളെ പരിചയപ്പെടുത്തി.

വിമൻസ് ഫോറം ക്രിസ്മസ് കേക്ക് മത്സരത്തിനുള്ള അവാർഡുകൾ വിതരണം ചെയ്തു, ഒന്നാം സ്ഥാനം സ്മിത ആലപ്പാട്ടും, രണ്ടാം സ്ഥാനം ജോർജി മറ്റമനയും, മൂന്നാം സ്ഥാനം മോളി സൂരജിനും സമ്മാനിച്ചു.

വൈസ് പ്രസിഡൻ്റ് സുബിൻ ജെയിംസ് നന്ദി പറഞ്ഞു, 2024 ടീമിൻ്റെ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. വിഭവസമൃദ്ധമായ അത്താഴ വിരുന്നൊരുക്കിയിരുന്നു. ചടുലമായ ഡിജെ ഡാൻസ് പാർട്ടിയോടും കൂടിയാണ് ആഘോഷങ്ങൾ സമാപിച്ചത്.
കെ. ഒ.ബിയുടെ ഇവൻ്റ് ബാൾട്ടിമോറിലെ മലയാളി സമൂഹത്തിൻ്റെ ഐക്യവും സ്നേഹവും ഉയർത്തികാട്ടുന്നതായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments