ന്യൂഡൽഹി: രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഉദ്ദേശിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർഥികൾക്കായി ഇന്ത്യ രണ്ട് പ്രത്യേക കാറ്റഗറി വിസ അവതരിപ്പിച്ചു. ‘ഇ-സ്റ്റുഡൻ്റ് വിസ’, ‘ഇ-സ്റ്റുഡൻ്റ്-എക്സ്’ വിസ എന്നിവ ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു. എല്ലാ അപേക്ഷകരും സർക്കാർ ആരംഭിച്ച ‘സ്റ്റഡി ഇൻ ഇന്ത്യ’ (എസ്.ഐ.ഐ) പോർട്ടൽ ഉപയോഗിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
എസ്.ഐ.ഐ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ വിദേശ വിദ്യാർഥികൾക്ക് ഇ-സ്റ്റുഡന്റ്സ് വിസ സൗകര്യം പ്രയോജനപ്പെടുത്താം. ഇ-സ്റ്റുഡൻ്റ് വിസ കൈവശമുള്ളവരുടെ ആശ്രിതർക്ക് ഇ-സ്റ്റുഡൻ്റ്-x വിസ വാഗ്ദാനം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.ഇന്ത്യയിൽ ദീർഘകാല അല്ലെങ്കിൽ ഹ്രസ്വകാല കോഴ്സുകൾ പിന്തുടരാൻ ആഗ്രഹിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പ്രവേശന പ്രക്രിയയെ എസ്.െഎ.ഐ പോർട്ടൽ സഹായിക്കുന്നു. വിദ്യാർഥികൾ https://indianvisaonline.gov.in/ എന്ന പോർട്ടലിൽ വിസക്കായി പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ അവരുടെ അപേക്ഷയുടെ ആധികാരികത എസ്.ഐ.ഐ ഐ.ഡി പരിശോധിക്കും. അതിനാൽ വിദ്യാർഥികൾ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എസ്.ഐ.ഐ വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടത് നിർബന്ധമാണെന്ന് അധികൃതർ പറഞ്ഞു.
ഏതെങ്കിലും എസ്.ഐ.ഐ പങ്കാളിത്ത സ്ഥാപനത്തിൽ നിന്ന് പ്രവേശന ഓഫർ ലെറ്റർ ലഭിച്ച ശേഷം വിദ്യാർത്ഥികൾക്ക് വിസക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ പഠിക്കാൻ പ്രവേശനം നേടുകയും റഗുലർ, ഫുൾ ടൈം സ്കീമിൽ അണ്ടർ ഗ്രാജുവേഷൻ, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് ഔപചാരിക പ്രോഗ്രാമുകൾ എന്നിവയിൽ ചേരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇ-സ്റ്റുഡന്റ് വിസ അനുവദിക്കും.