വാഷിങ്ടൺ: കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞതിനെ തുടർന്ന് സ്ഥാനം രാജിവെച്ച് വാഷിങ്ടൺ പോസ്റ്റിലെ കാർട്ടൂണിസ്റ്റ്. സ്ഥാപനത്തിന്റെ ഉടമ ജെഫ് ബെസോസും മറ്റ് മാധ്യമ മുതലാളിമാരും ഡോണാൾഡ് ട്രംപിന് മുമ്പാകെ തൊഴുത് നിൽക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിക്കാത്തതിനെ തുടർന്നാണ് രാജി.ആൻ ടെലിനാസാണ് സ്ഥാനം രാജിവെച്ചത്.
മാധ്യമ മുതലാളിമാർ ട്രംപിന് മുന്നിൽ വണങ്ങുന്ന ചിത്രമാണ് താൻ വരച്ചതെന്ന് കാർട്ടൂണിസ്റ്റ് പറഞ്ഞു. പണവുമായി മാധ്യമ മുതലാളിമാർ ട്രംപിന് മുന്നിൽ നിൽക്കുന്നതാണ് കാർട്ടുണിലുള്ളത്. എന്നാൽ, എഡിറ്റർ ഇത് പ്രസിദ്ധീകരിക്കുന്നത് തടയുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
ബെസോസ് ഉൾപ്പടെയുള്ള മാധ്യമ മുതലാളിമാർ ട്രംപിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇവരെയെല്ലാം ഫ്ലോറിഡയിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാർ-ലാഗോ ക്ലബിൽ കണ്ടിരുന്നുവെന്ന് ടെലിനാസ് പറഞ്ഞു. അനധികൃതമായി കരാറുകൾ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ട്രംപിനെ പിന്തുണക്കുന്ന നിലപാട് ഇവർ സ്വീകരിച്ചതെന്നും ആൻ ടെലിനാസ് വിമർശിച്ചു.
കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ഉന്നതരായ വ്യക്തികളെ കൊണ്ട് ഉത്തരം പറയിക്കുകയാണ് തന്റെ കർത്തവ്യം. ഇതാദ്യമായി എന്റെ എഡിറ്റർ വിമർശനമെന്ന എന്റെ ജോലി ചെയ്യുന്നത് തടഞ്ഞു. അതിനാലാണ് ജോലി രാജിവെക്കാൻ ഞാൻ തീരുമാനിച്ചത്. എന്റെ തീരുമാനം വലിയ കോളിളക്കമുണ്ടാക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല. എന്നാൽ, കാർട്ടൂണിലൂടെ സത്യം വിളിച്ച് പറയുന്നത് തുടരുമെന്നും കാർട്ടൂണിസ്റ്റ് പറഞ്ഞു.