കൊച്ചി: ആറുവര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി വന്നു. കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത്ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു.
ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത് (അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഇവര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്.
14ാം പ്രതി കെ. മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി (രാഘവന്‍നായര്‍), 22ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് 5 വര്‍ഷം തടവ്. എറണാകുളം സിബിഐ പ്രത്യേക കോടതി ജഡ്ജി എന്‍.ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്.