ഹൈദരാബാദ്: ജനുവരി ഒന്നിനുള്ള പുതുവത്സരാഘോഷത്തിൽനിന്ന് ഹിന്ദുക്കൾ വിട്ടുനിൽക്കണമെന്ന് ബി.ജെ.പി നേതാവും ഗോഷാമഹൽ എം.എൽ.എയുമായ ടി. രാജ സിങ്. ഹിന്ദു ആചാരങ്ങൾക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് ഇന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നേരത്തെ നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാർജിച്ചയാളാണ് രാജ സിങ്. പുതുവത്സരാഘോഷത്തിന് പകരം ഹിന്ദു ധർമം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഹിന്ദു യുവാക്കളെ ഉപദേശിച്ചു.
ഇത് പാശ്ചാത്യ രാജ്യങ്ങൾ നടത്തിയ വലിയ ഗൂഢാലോചനയാണ്. നാം ആ കെണിയിൽ വീഴുകയും വരും തലമുറകൾക്ക് മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. എല്ലാ വർഷവും ഹിന്ദു യുവാക്കൾ പുതുവർഷത്തെ വരവേൽക്കാൻ പബ്ബുകളിലേക്കും ബാറുകളിലേക്കും റിസോർട്ടുകളിലേക്കും തിരിയുന്ന പ്രവണത താൻ നിരീക്ഷിക്കുന്നുണ്ട്’ -രാജ സിങ് പറഞ്ഞു.
‘ജനുവരി ഒന്ന് ഇംഗ്ലീഷുകാരുടെ പുതുവർഷമാണ്. സനാതനികളുടെ (ഹിന്ദുക്കളുടെ) അല്ല. മറ്റ് സമുദായങ്ങളുടെ പുതുവർഷത്തെ ആളുകൾ സ്വാഗതം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഉഗാദി ഉത്സവം, ചൈത്ര ശുക്ല പ്രതിപദ എന്നിവയാണ് നമ്മുടെ പുതുവർഷം ആരംഭിക്കുന്നത്’ -രാജാ സിങ് പറഞ്ഞു.
പുതുവത്സരം ആഘോഷിക്കാൻ അമിതവേഗതയിൽ വാഹനമോടിച്ച് റോഡിൽ മരിക്കുന്നതിന് പകരം ഹിന്ദു ധർമ്മത്തിനും ലവ് ജിഹാദിനും വേണ്ടി യുവാക്കൾ ജീവൻ ബലിയർപ്പിക്കണമെന്നും എം.എൽ.എ പറഞ്ഞു.