ന്യൂഡല്‍ഹി: പുതിയ പ്രതീക്ഷയും പുത്തന്‍ സുര്യോദയവുമായി കിരിബാത്തി ദ്വീപ് 2025 നെ വരവേറ്റു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കിരിബാത്തി ദ്വീപില്‍ ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യയേക്കാൾ 8.5 മണിക്കൂർ മുന്നിലാണ് കിരിബാത്തി ദ്വീപ്. വെടിക്കെട്ടും സംഗീതവും നൃത്തവുമെല്ലാമായി പുതുവത്സരത്തെ വരവേല്‍ക്കുകയാണ് കിരിബാത്തി.
ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡും പുതുവര്‍ഷത്തെ വരവേറ്റു. ആറരയോടെ ഓസ്‌ട്രേലിയയും എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും.
അതേസമയം, ഇന്ത്യയില്‍ പുതുവര്‍ഷമെത്താന്‍ ഏതാനും മണിക്കൂറുകള്‍ക്കൂടി ഇനിയും കാത്തിരിക്കണം. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ച അഞ്ചരയോടെ യുകെയിലും രാവിലെ പത്തരയോടെ അമേരിക്കയിലും പുതുവര്‍ഷം പിറക്കും.
ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
കേരളത്തില്‍ കൊച്ചിയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിയുമായി കേരള പൊലീസും തയ്യാറായിട്ടുണ്ട്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ശന വാഹന പരിശോധന ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.