വാഷിംഗ്ടൺ: എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീൻ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിട്ട കീഴ്കോടതി വിധി ഫെഡറൽ അപ്പീൽ കോടതി തിങ്കളാഴ്ച ശരിവച്ചു.
1996 ൽ മാൻഹട്ടൻ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൽ വെച്ച് മുൻ പ്രസിഡൻ്റ് കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ന്യൂയോർക്ക് ജൂറി കഴിഞ്ഞ വർഷം ഒമ്പത് ദിവസത്തെ സിവിൽ വിചാരണയ്ക്ക് ശേഷം കണ്ടെത്തിയിരുന്നു.
മാൻഹാട്ടൻ യു.എസ് സർക്യൂട്ട് കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്. നേരത്തെ പ്രസ്താവിച്ച വിധിയിൽ ജില്ലാ കോടതിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാൻ ട്രംപിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വിധിക്കെതിരേയും അപ്പീൽ നൽകുമെന്ന് ട്രംപിന്റെ വക്താവ് അറിയിച്ചു.
ലൈംഗികാതിക്രമത്തിന് 2 മില്യൺ ഡോളറും എല്ലെ മാസികയുടെ മുൻ ഉപദേശക കോളമിസ്റ്റായ കരോളിനെ അപകീർത്തിപ്പെടുത്തിയതിന് 3 മില്യൺ ഡോളറും ട്രംപ് നൽകണമെന്ന് കോടതി ഉത്തരവിട്ടു.ഈ വിധിക്ക് എതിരെ ട്രംപ് അപ്പീൽ നൽകിയിരുന്നു. ട്രംപ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ മറ്റ് രണ്ട് സ്ത്രീകളുടേയും മൊഴിയെടുക്കാൻ അനുവദിക്കരുതെന്നും ട്രംപ് അപ്പീൽ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.
ട്രംപിനെതിരെ കരോളിൻ നൽകിയ മറ്റൊരു പ്രത്യേക കേസിൽ ജൂറി 83 മില്യൺ ഡോളർ പിഴ വിധിച്ചിരുന്നു.ഈ വിധിക്കെതിരെ അദ്ദേഹം അപ്പീൽ നൽകിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിലും അപകീർത്തിക്കേസിലും നൽകിയ 5 മില്യൺ ഡോളർ നഷ്ടപരിഹാരത്തിനെതിരെ ട്രംപ് വീണ്ടും അപ്പീൽ നൽകുമെന്ന് ട്രംപ് വക്താവ് സ്റ്റീവൻ ച്യൂങ് പറഞ്ഞു.