Thursday, January 9, 2025
HomeBreakingNewsദക്ഷിണ കൊറിയന്‍ വിമാന അപകടം: 2 ക്രൂ അംഗങ്ങള്‍ മാത്രം രക്ഷപ്പെട്ടതിൻ്റെ കാരണം ഇതാണ്

ദക്ഷിണ കൊറിയന്‍ വിമാന അപകടം: 2 ക്രൂ അംഗങ്ങള്‍ മാത്രം രക്ഷപ്പെട്ടതിൻ്റെ കാരണം ഇതാണ്

സോൾ (ദക്ഷിണ കൊറിയ): ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദക്ഷിണകൊറിയയിലെ മൂവാൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം അപകടത്തിൽപ്പെട്ട് 179 പേർക്ക് ജീവൻ നഷ്ടമായത്. തായ്ലാൻഡിലെ ബാങ്കോക്കിൽനിന്ന് 181 യാത്രക്കാരുമായി ദക്ഷിണകൊറിയയിലെ മൂവാൻ വിമാനത്താവളത്തിലിറങ്ങിയ ജെജു എയറിന്റെ ബോയിങ് 737-800 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. പക്ഷിയിടിച്ച് വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അപകടസമയത്ത് വിമാനത്തിന്റെ വാൽഭാഗത്ത് ഇരുന്ന ക്രൂ അംഗങ്ങളായ 32-കാരനായ ലീയും 25-കാരിയായ ക്വോണും മാത്രമാണ് ജീവനോടെ അവശേഷിച്ചത്. അപകടസമയത്ത് ഒരു വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമായ വാൽഭാഗത്തായിരുന്നതുകൊണ്ടു മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്. ആകെ 175 യാത്രക്കാരും ആറുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ബോധം വന്നപ്പോൾ, എങ്ങനെ ആശുപത്രിയിലെത്തിയെന്ന് ആവർത്തിച്ച് ചോദിക്കുകയായിരുന്നു ലീ. അപകടത്തെക്കുറിച്ച് പറയാൻ ലീയ്ക്ക് സാധിച്ചില്ല. ലാൻഡിങിന് മുൻപ് താൻ സീറ്റ് ബെൽറ്റ് ഇട്ടിരുന്നതായി ലീ ഡോക്ടർമാരോട് പറഞ്ഞു. അപകടത്തിന്റെ ഞെട്ടലിൽനിന്ന് ലീ പൂർണമായി മുക്തനായിട്ടില്ല. ലീയുടെ തോളിനും തലയ്ക്കും പരുക്കുണ്ട്. എന്നാൽ ക്വോണിന് അപകടത്തെക്കുറിച്ച് ഇതുവരെ ഒന്നും ഓർത്തെടുക്കാൻ സാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇവർക്ക് തലയോട്ടിക്കും കണങ്കാലിനും പൊട്ടലുണ്ട്.

2015-ൽ ടൈം മാഗസിൻ നടത്തിയ പഠനത്തിൽ, അപകടങ്ങളിൽ പിൻ സീറ്റുകളാണ് ഏറ്റവും സുരക്ഷിതമെന്ന് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട വിമാനങ്ങളിൽ പിൻ സീറ്റുകളിൽ 32 ശതമാനമാണ് മരണ നിരക്ക്. മധ്യനിരയിലെ സീറ്റുകളിൽ ഇത് 39 ശതമാനവും മുൻഭാഗത്തെ സീറ്റുകളിലെ മരണനിരക്ക് 38 ശതമാനവുമാണ്.

ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ കസാഖ്സ്താനിലെ അക്തോയിൽ തകർന്നുവീണ യാത്രാ വിമാനത്തിൽ നിന്ന് 29 പേരാണ് രക്ഷപ്പെട്ടത്. വിമാനത്തിന്റെ വാൽഭാഗത്ത് ഇരുന്നവരാണ് രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും. 30 പേരാണ് അപകടത്തിൽ മരിച്ചത്.

പോപ്പുലർ മെക്കാനിക്സ് എന്ന മാഗസിൻ 1971 മുതൽ 2005 വരെ നടന്നിട്ടുള്ള വിമാനാപകടങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പഠനം പറയുന്നത് അപകടത്തിൽപ്പെടുമ്പോൾ വിമാനത്തിലെ മറ്റ് സീറ്റുകളെ അപേക്ഷിച്ച് വാൽഭാഗത്തെ സീറ്റിൽ ഇരിക്കുന്നവർ രക്ഷപ്പെടാനുള്ള സാധ്യത 40% വരെയാണെന്നാണ്.

എന്നാൽ ഇതുവരെ അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ദക്ഷിണകൊറിയക്ക് സാധിച്ചിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് ആക്ടിങ് പ്രസിഡന്റ് ചൊയ് സാങ് മോക് തിങ്കളാഴ്ച സുരക്ഷാസേനകളുടെ അടിയന്തരയോഗം വിളിച്ചുചേർത്തിരുന്നു. ഗതാഗതമന്ത്രാലയത്തോടും പോലീസിനോടും അപകടത്തെക്കുറിച്ച് അന്വേഷണം നടത്താനാവശ്യപ്പെട്ടു. രാജ്യത്തെ വ്യോമയാനമേഖലയിലെ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാപരിശോധന നടത്താനും നിർദേശം നൽകി.

അപകടത്തിനു മുമ്പ് വിമാനത്തിന്റെ ചിറകിൽ പക്ഷിയിടിച്ചതായി യാത്രക്കാരിലൊരാൾ ബന്ധുവിന് സന്ദേശമയച്ചതായി ‘ന്യൂസ് 1’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തിരുന്നു. ലാൻഡിങ്ങിന് തയ്യാറെടുക്കവെ പക്ഷി ഇടിച്ചെന്നും വിമാനം അപകടത്തിലാണെന്നും പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ അധികൃതരെ അറിയിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഇന്ധനത്തിന്റെ അളവ് കുറച്ച് അപകടത്തിന്റെ തീവ്രത കുറയ്ക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നാണ് സൂചനകൾ.

ലാൻഡിങ് ഗിയർ തകരാറിലായ വിമാനം, ബെല്ലി ലാൻഡിങ് (വിമാനത്തിന്റെ അടിഭാഗം ഇടിച്ചിറക്കുക) നടത്തി മുന്നോട്ടുനീങ്ങി. അതോടെ റൺവേയിൽനിന്ന് തെന്നിമാറി സുരക്ഷാമതിലിലിടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments