ന്യൂഡൽഹി: മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്കാരത്തെയും സ്മാരകനിർമാണത്തെയുംചൊല്ലി രാഷ്ട്രീയവിവാദം. ഉചിതമായ സ്ഥലം അനുവദിക്കാതെ ബി.ജെ.പി. അദ്ദേഹത്തെ അപമാനിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. മുൻപ്രധാനമന്ത്രിമാർക്ക് രാജ്ഘട്ടിനോടുചേർന്ന് സമാധിക്കും സ്മാരകത്തിനുമായി സ്ഥലം അനുവദിക്കുന്ന കീഴ്‌വഴക്കം ലംഘിച്ച് പൊതുശ്മശാനമായ നിഗംബോധ് ഘാട്ടിൽ സംസ്കാരം നടത്തിയെന്നാണ് ആരോപണം.
സിഖ് സമുദായത്തിൽനിന്നുള്ള ആദ്യപ്രധാനമന്ത്രിയെ കേന്ദ്രസർക്കാർ ആസൂത്രിതമായി അവഹേളിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് കുറ്റപ്പെടുത്തി. സമാജ് വാദി പാർട്ടിയുൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികളും ഇതേ ആരോപണമുയർത്തി.
മൻമോഹൻ സിങ്ങിന്റെ സംസ്കാരത്തിൽ മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധ പരിപാടികളിലേക്ക് അടക്കം കടക്കാനാണ് കോൺഗ്രസ് തീരുമാനം. തന്റെ പിതാവ് മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി ചേർന്ന് അനുശോചന പ്രമേയം പാസാക്കിയില്ലെന്ന പ്രണബ് മുഖർജിയുടെ മകളുടെ ആരോപണം ബിജെപി ഏറ്റെടുക്കും.
അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസപ്പെടുത്തിയെന്നും ആരോപണമുണ്ട്. കുടുംബത്തിൽനിന്നും വന്നവരെ പുറത്തുനിർത്തി ഗേറ്റ് അടച്ചു. ചടങ്ങുകൾ നിർവഹിക്കുന്ന മൻമോഹൻ സിങ്ങിന്റെ കൊച്ചുമക്കൾക്കു ചിതയ്ക്കരികിലേക്ക് എത്താനായി ഓടേണ്ടി വന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്
ദൂരദർശൻ ഒഴികെയുള്ള വാർത്താ ഏജൻസികളെ സംസ്കാര ചടങ്ങുകൾ ചിത്രീകരിക്കാൻ അനുവദിച്ചില്ലെന്നും സിങ്ങിന്റെ കുടുംബത്തെ പോലും കാണിക്കാതെ ക്യാമറ അമിത് ഷായേയും നരേന്ദ്ര മോദിയേയും കേന്ദ്രീകരിച്ചുവെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് ആരോപിച്ചിരുന്നു. മൻമോഹൻ സിങ്ങിന്റെ കുടുംബത്തിനു മുൻ നിരയിൽ 3 കസേരകൾ മാത്രമാണ് അനുവദിച്ചത്. അദ്ദേഹത്തിന്റെ പെൺമക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും സീറ്റ് വേണമെന്നു കോൺഗ്രസ് നേതാക്കൾക്കു നിർബന്ധിക്കേണ്ടിവന്നു. മൻമോഹൻ സിങ്ങിന്റെ ഭാര്യയ്ക്കു ദേശീയ പതാക കൈമാറുമ്പോഴോ ഗാർഡ് ഓഫ് ഓണർ നൽകിയപ്പോഴോ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല. കുടുംബത്തിനു ചിതയ്ക്കു ചുറ്റും മതിയായ ഇടം നൽകിയില്ല. പൊതുജനങ്ങളെ ചടങ്ങിൽനിന്നു ഒഴിവാക്കിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
സ്മാരകം നിർമിക്കുന്നതിനാവശ്യമായ സ്ഥലം അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച രാത്രി അറിയിച്ചു. ഇതിനായി ട്രസ്റ്റ് രൂപവത്കരിച്ച് സ്ഥലം വിട്ടുനൽകുന്നതടക്കമുള്ള നടപടിക്രമങ്ങളുണ്ടെന്നും അതിന് സമയമെടുക്കുമെന്നും മന്ത്രാലയം പറഞ്ഞു. സംസ്കാരച്ചടങ്ങ് വേഗം നടത്തേണ്ടതുകൊണ്ടാണ് നിഗംബോധ് ഘാട്ടിൽ സ്ഥലമനുവദിച്ചതെന്നും വ്യക്തമാക്കി. സംസ്കാരം എവിടെ നടക്കുമെന്നതു സംബന്ധിച്ച് വെള്ളിയാഴ്ച പകൽ മുഴുവൻ അനിശ്ചിതത്വം നിലനിന്നിരുന്നു. നിഗംബോധ് ഘാട്ടിൽ സംസ്കാരം നടക്കുമെന്ന് രാത്രി ഏഴരയോടെയാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.