വാഷിങ്ടൺ: സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുള്ള വിസാ (എച്ച്-1ബി) പദ്ധതി വിപുലീകരിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാമ്പിൽ ഭിന്നത.
ട്രംപ് തന്റെ രണ്ടാംസർക്കാരിൽ പുതുതായി ആവിഷ്കരിക്കുന്ന കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) ചുമതലക്കാരായ ഇലോൺ മസ്കും വിവേക് രാമസ്വാമിയുമാണ് നൈപുണിയുള്ള വിദേശ തൊഴിലാളികൾക്ക് വിസ നൽകുന്നത് കൂട്ടണമെന്നു വാദിക്കുന്നത്. കുടിയേറ്റം കുറയ്ക്കണമെന്ന് ശക്തമായി വാദിക്കുന്ന റിപ്പബ്ലിക്കന്മാരിൽ പലർക്കും ഇക്കാര്യത്തിൽ വിയോജിപ്പാണെന്ന് സി.എൻ.എൻ. റിപ്പോർട്ടുചെയ്തു. ട്രംപിന്റെ അടുത്ത അനുയായികളായ ലോറ ലൂമർ, ആൻ കൗട്‌ലർ, മുൻ കോൺഗ്രസ് അംഗം മാറ്റ് ഗേറ്റ്‌സ് തുടങ്ങിയവർ ഈ നിലപാടിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി. ‘അമേരിക്ക ഒന്നാമത്’ എന്ന ട്രംപിന്റെ പ്രഖ്യാപിത നയത്തെ ദുർബലപ്പെടുത്തുന്ന കുടിയേറ്റനയമാണിതെന്ന് അവർ ആരോപിച്ചു.
അമേരിക്കയുടെ സാങ്കേതികരംഗത്തെ മികവിനായി വിദേശരാജ്യങ്ങളിൽനിന്നുള്ള എൻജിനീയറിങ് രംഗത്തെ പ്രതിഭകളെ ആകർഷിക്കേണ്ടതുണ്ടെന്ന് മസ്ക് ഇടയ്ക്കിടെ എക്സിലൂടെ ഊന്നിപ്പറയുന്നുണ്ട് . നിയമപരമായ കുടിയേറ്റം വഴി എൻജിനീയറിങ് രംഗത്തെ ഏറ്റവും ഉയർന്നകഴിവുള്ള 0.1 ശതമാനം പേരെ അമേരിക്കയിലെത്തിക്കണമെന്നും അത് രാജ്യത്തിന്റെ വിജയത്തിന് അത്യാവശ്യമാണെന്നുമാണ് മസ്കിന്റെ നിലപാട്.
സാംസ്കാരികമായ സ്തംഭനാവസ്ഥയും മധ്യവർഗത്തിനുള്ള മുൻഗണനയും വിദേശികളായ പ്രതിഭകളെ ആശ്രയിക്കേണ്ട സ്ഥിതി അമേരിക്കയ്ക്കുണ്ടാക്കിയെന്നും രാജ്യം 90-കൾ മുതൽ മികവിനെയല്ല മിതത്വത്തെ ആരാധിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്നും രാമസ്വാമിയും പറയുന്നു. ട്രംപ് അധികാരമേറ്റെടുക്കാൻ ആഴ്ചകൾമാത്രം ശേഷിക്കേയാണ് റിപ്പബ്ലിക്കൻ ക്യാമ്പിൽ കുടിയേറ്റനയവുമായി ബന്ധപ്പെട്ട് അസ്വാരസ്യമുടലെടുത്തത്. ആദ്യ ട്രംപ് സർക്കാരിന്റെ കാലത്ത് എച്ച്-1ബി വിസയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.