ഡൽഹി: പുതുവർഷത്തിൽ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ. അമേരിക്കയിലുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സ്ഥാനമൊഴിയുന്ന ബൈഡന്‍ അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥരുമായും ട്രംപ് ടീമുമായും കൂടിക്കാഴ്ച നടത്തും. ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെ, ട്രംപ് ട്രാന്‍സിഷന്‍ ടീമിലെ അംഗങ്ങളുമായും സംസ്ഥാന, പ്രതിരോധ വകുപ്പുകളിലേക്കുള്ള ഉന്നതരുമായും ജയശങ്കര്‍ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കും.
2025 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ട്രംപ് ഇന്ത്യയിലേക്ക് വരുന്നതിനുള്ള തിയതിയും ജയശങ്കര്‍ തേടും. ഉച്ചകോടിക്കിടെ നാല് രാജ്യങ്ങളിലെയും രാഷ്ട്ര തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ പ്രധാനമന്ത്രി മോദിയും അമേരിക്കയിലേയ്ക്ക് പോയേക്കും.
അതേസമയം, റഷ്യയുമായുള്ള വാര്‍ഷിക ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങും. ഇതിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും. 2025 ജൂലൈയില്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും ഓഗസ്റ്റ്-സെപ്റ്റംബറില്‍ ചൈനയില്‍ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിയിലും നിരവധി രാഷ്ട്ര തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍, ചൈനീസ് പ്രസിഡന്റുമാരും തമ്മിലുള്ള സാധ്യമായ സംഭാഷണം ഉണ്ടാകും.
എസ്.സി.ഒ ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ചൈനയിലേക്ക് പോയേക്കും. യൂറോപ്യന്‍ യൂണിയനുമായുള്ള ഉച്ചകോടിയും ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നിരവധി യൂറോപ്യന്‍ നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.