ക്രിസ്മസ് ദിനത്തിൽ ഹെറാൾഡ് സ്ക്വയറിന് സമീപമുള്ള നടപ്പാതയിൽ നിരവധി കാൽനടയാത്രക്കാരെ ഇടിച്ച ടാക്സി ഡ്രൈവർ സംഭവ സമയത്ത് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നുവെന്ന് പൊലീസ്. 9 വയസ്സുള്ള ആൺകുട്ടി, 41 ഉം 49 ഉം വയസ്സുള്ള രണ്ട് സ്ത്രീകൾ, 58 വയസ്സുള്ള പുരുഷൻ എന്നിങ്ങനെ നാല് പേരെ ആശുപത്രിയിലേക്ക് അയച്ച അപകടത്തിൽ ക്രിമിനൽ കുറ്റമൊന്നും സംശയിക്കുന്നില്ലെന്ന് ന്യൂയോർക്ക് പൊലിസ് അധികൃതർ പറഞ്ഞു. രഹസ്യസ്വഭാവ നിയമങ്ങൾ ഉള്ളതിനാൽ ഏത് തരത്തിലുള്ള ആരോഗ്യപ്രശ്നമാണ് ഇയാൾക്കുള്ളതെന്ന് വ്യക്തമാക്കാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.വലത് തുടയിൽ മുറിവേറ്റ കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 41-ഉം 49-ഉം വയസ്സുള്ളവരെ യഥാക്രമം തലയ്ക്കും കാലിനും പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ആരുടെയും അവസ്ഥ ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ സിക്‌സ്ത്ത് അവന്യൂവിൽ വടക്കോട്ട് പോകുകയായിരുന്ന ഡ്രൈവർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു ശേഷം രക്ഷപെടാൻ ശ്രമിക്കാതെ അയാൾ കാറിൽ തന്നെ തുടർന്നു. ഡ്രൈവറുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി ബെല്ലെവ്യൂ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.