ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് വിസ ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്ക് വിദ്യാര്‍ത്ഥികള്‍ എന്ന പേരില്‍ ഇന്ത്യക്കാരെ കടത്തുന്ന കേസില്‍ ഗുജറാത്ത് ആസ്ഥാനമായുള്ള കനേഡിയന്‍ കോളജുകളുടെയും നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്ക് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് അന്വേഷണം.
മനുഷ്യക്കടത്തിന് കാനഡ ഇടത്താവളമായി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗ്രാമത്തില്‍ നിന്നുള്ള നാലംഗ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് കേന്ദ്ര ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. 2022 ജനുവരിയിലായിരുന്നു സംഭവം. യുഎസ്-കാനഡ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികളുള്‍പ്പെടെയുള്ള കുടുംബം തണുപ്പ് അതിജീവിക്കാനാവാതെ മരണപ്പെട്ടിരുന്നു.