ദുബായ് : ലോകത്തിലെ ഉയരം കൂടിയ കെട്ടിടം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ദുബൈ ബുര്‍ജ് ഖലീഫ ഇത്തവണയും കാഴ്ചകളുടെ വിരുന്നൊരുക്കും. വിസ്മയിപ്പിക്കുന്ന ലേസര്‍ ഷോ മൂതല്‍ കാതടപ്പിക്കുന്ന വെടിക്കെട്ട് വരെ ഉള്ള ആഘോഷങ്ങള്‍ ഇത്തവണ വർണ്ണാഭമാക്കും . നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ബുര്‍ജ് ഖലീഫയുടെ അടി മുതല്‍ മുടി വരെ ലേസര്‍ ബീം ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുകയാണ്. ഈ മാസം തുടക്കം മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രധാന കെട്ടിടത്തിന് പുറമെ ബുര്‍ജ് പാര്‍ക്കിലും ഇത്തവണ ആഘോഷ പരിപാടികളുണ്ട്. സംഗീത പരിപാടികള്‍, കോറിയോഗ്രാഫി തുടങ്ങിയ പ്രകടനങ്ങളും വേദിയിലെത്തും. ബുര്‍ജ് പാര്‍ക്കിലേക്ക് ടിക്കറ്റ് മുഖേനയാണ് പ്രവേശനം.
സ്വപ്‌നങ്ങള്‍ക്കപ്പുറത്തുള്ള കാഴ്ചയൊരുക്കാനാണ് സംഘാടകരുടെ ശ്രമം. ബിയോണ്ട് ഡ്രീംസ് 2025 എന്നാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രമേയം. 11 രാജ്യങ്ങളില്‍ നിന്നുള്ള 110 കലാകാരന്‍മാരാണ് പിന്നണിയിലുള്ളത്. ഒമ്പത് മിനുട്ട് മാത്രം നീണ്ടു നില്‍ക്കുന്ന സംഗീത ശില്‍പ്പമാണ് ആഘോഷങ്ങളുടെ ആകര്‍ഷണങ്ങളിലൊന്ന്. ഗായകര്‍, ഡ്രം കലാകാരന്‍മാര്‍, നൃത്ത സംഘങ്ങള്‍ എന്നിവര്‍ അണിനിരക്കും. കൂറ്റന്‍ കെട്ടിടത്തിന് പുറത്ത് വര്‍ണബള്‍ബുകളും ലേസര്‍ പാനലുകളും ഘടിപ്പിക്കുന്ന ജോലി ഏറെ കുറെ പൂര്‍ത്തിയായി. 200 ലേസര്‍ ബീം ലൈറ്റുകളാണ് ഉപയോഗിക്കുന്നത്.
ലോകത്തിന്റെ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത വിസ്മയ കാഴ്ചക്ക് കാത്തിരിക്കുകയാണ് മലയാളികള്‍ അടക്കമുള്ള ദുബൈ നിവാസികള്‍. കെട്ടിടത്തിലെ താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. പരിപാടികളുടെ വിശദവിവരങ്ങള്‍ താമസക്കാര്‍ക്കും കമ്പനികള്‍ക്കും നല്‍കിയിട്ടുണ്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്.