ജോര്‍ജിയ: ജോര്‍ജിയയില്‍ നിന്നുള്ള സ്വവര്‍ഗ ദമ്പതികളായ പുരുഷന്മാര്‍ക്ക് 100 വര്‍ഷം തടവു ശിക്ഷ. തങ്ങളുടെ ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇരുവരും അവരുടെ ജീവിതകാലം മുഴുവന്‍ ജയിലില്‍ ചെലവഴിക്കേണ്ടി വരും. പ്രതികളായ വില്യം (34), സക്കറി സുലോക്ക് (36) എന്നിവര്‍ക്ക് പരോളിന് സാധ്യതയില്ലാതെ 100 വര്‍ഷം വീതമാണ് തടവ് ശിക്ഷി ലഭിച്ചതെന്ന് വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
2022 ലാണ് ഇരുവരും അറസ്റ്റിലായത്. ഇരകളായ 10, 12 വയസ്സുള്ള രണ്ട് സഹോദരന്മാരെ ഇരുവരും ഒരു ക്രിസ്ത്യന്‍ ഏജന്‍സിയില്‍ നിന്നാണ് ദത്തെടുത്തത്. സക്കറി ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. വില്യം സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. തങ്ങളുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇരുവരും കുട്ടികളെ നിര്‍ബന്ധിക്കുമായിരുന്നു. അശ്ലീലചിത്രങ്ങള്‍ നിര്‍മ്മിക്കാനും കുട്ടികളെ ഉപയോഗിച്ചിരുന്നു. തങ്ങള്‍ കുട്ടികളെ ദുരുപയോഗം ചെയ്തതായി ചിലരോട് ഇരുവരും പറഞ്ഞതായും വിവരമുണ്ട്. ഒരിക്കല്‍ സ്നാപ്ചാറ്റില്‍ ആണ്‍കുട്ടികളില്‍ ഒരാളെ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സക്കറി പങ്കുവെച്ചതായും ‘ഇന്ന് രാത്രി ഞാന്‍ എന്റെ മകന്റെ അടുത്തേക്ക് പോകുകയാണ് എന്ന് എഴുതിയതായും ദമ്പതികളുടെ സുഹൃത്തുക്കളില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ചൈല്‍ഡ് പോണ്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്നാണ് ഇവരെക്കുറിച്ച് അറിയുന്നതും അറസ്റ്റുചെയ്യുന്നതും. വില്യമും സക്കറിയും തങ്ങളുടെ വീട്ടില്‍ താമസിക്കുന്ന രണ്ട് ദത്തുപുത്രന്മാരുമായി അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും പിടിയിലായ ആള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.