അങ്കാറ : തുർക്കിയിൽ ആശുപത്രിക്കു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് 4 പേർ മരിച്ചു. 2 പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. കനത്ത മൂടൽമഞ്ഞു കാരണമായിരുന്നു അപകടം.ആശുപത്രിയു ടെ മുകളിൽ നിന്നു പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്.
തുർക്കിയിലെ പ്രശസ്തമായ മുഗ്ല ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റലിലാണ് അപകടമുണ്ടായത്. ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അപകടത്തിൽ കെട്ടിടത്തിനുള്ളിൽ ഉള്ളവർക്കോ രോഗികൾക്കോ പരിക്കേറ്റിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ഹെലികോപ്റ്റർ ആദ്യം ആശുപത്രി കെട്ടിടത്തിൻ്റെ നാലാം നിലയിൽ ഇടിച്ച ശേഷം നിലത്ത് പതിക്കുകയായിരുന്നുവെന്ന് മുഗ്ലയുടെ റീജിയണൽ ഗവർണർ ഇദ്രിസ് അക്ബിയിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെട്ടിടത്തിനകത്തോ നിലത്തോ ഉള്ള ആർക്കും പരിക്കില്ല. കനത്ത മൂടൽമഞ്ഞിനിടെയുണ്ടായ അപകടത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
തുർക്കിയിൽ രണ്ടാഴ്ച മുൻപ് പരിശീലനത്തിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 6 സൈനികർ മരിച്ചിരുന്നു.