ന്യൂയോർക്ക് : പനാമാ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകി.
കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ അന്യായനിരക്ക് ചുമത്തിയിരുന്നു. ഇതോടെയാണ് സഖ്യരാജ്യമായ പാനമയ്ക്കു ട്രംപ് മുന്നറിയിപ്പ് നൽകിയത്. പസഫിക് –അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പൽ പാതയാണ് മധ്യ അമേരിക്കൻ രാജ്യമായ പാനമയിലെ ഈ കനാൽ.
പാനമ കനാൽ മേഖലയിൽ വർധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെക്കുറിച്ചും ട്രംപ് ആശങ്കകളുയർത്തിയിട്ടുണ്ട്. ‘‘പാനമ ഈടാക്കുന്ന ഫീസ് തികച്ചും പരിഹാസ്യമാണ്, പ്രത്യേകിച്ചും പാനമയ്ക്ക് യുഎസ് നൽകിയ ഔദാര്യം കണക്കിലെടുത്താൽ. കപ്പലുകൾക്ക് അന്യായനിരക്ക് ഏർപ്പെടുത്തുന്ന നടപടി ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ പാനമ കനാലിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും. കനാലിന്റെ അധികാരം തെറ്റായ കരങ്ങളിലേക്ക് എത്താൻ യുഎസ് അനുവദിക്കില്ല’’ – ട്രംപ് മുന്നറിയിപ്പ് നൽകി.
1914ലാണ് യുഎസ് പാനമ കനാലിന്റെ നിർമാണം പൂർത്തിയാക്കിയത്. 1977-ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഒപ്പുവച്ച കരാറിലൂടെ കനാലിന്റെ നിയന്ത്രണം പാനമയ്ക്കു നൽകുകയായിരുന്നു. 1999-ൽ കനാലിന്റെ നിയന്ത്രണം പൂർണമായും പാനമ ഏറ്റെടുത്തു. രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെ 5 ശതമാനവും പാനമ കനാൽ വഴിയാണ്.